മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം ഈ തുക ഉത്തരവാദികളിൽ നിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്റെ സർവിസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമീഷൻ ഓഫീസിൽ സമർപ്പിക്കണം.

രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13 ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ 6 വരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്തം മെഡിക്കൽ കോളജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു.

ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമീഷൻ കാണുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു.

Tags:    
News Summary - 5 lakh compensation should be paid in the incident where a patient got stuck in a medical college lift - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.