പാലക്കാട്: പാലക്കാട് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു. പിരായിരിയിൽ റോഡ് ഉദ്ഘാനത്തിനായി എത്തുമ്പോഴാണ് എം.എൽ.എയുടെ കാറിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായെത്തി.
ഇതോടെ കാറിൽ നിന്നിറങ്ങിയ രാഹുൽ കാൽനടയായി മുന്നോട്ടുപോകാൻ ശ്രമിച്ചു. രാഹുലിന് പിന്തുണയുമായി കോൺഗ്രസ്-ലീഗ് പ്രവർത്തകർ ഓടിയെത്തിയതോടെ സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധം വകവെക്കാതെ കോൺഗ്രസുകാർ രാഹുലിനെ എടുത്തുയർത്തി ഉദ്ഘാടന വേദിയിലെത്തിച്ചു.
വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് പരസ്യമായി അറിയിച്ച് രാഹുൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ നാട്ടിലെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ചത് പാലക്കാട് മണ്ഡലത്തില്‍ വികസനം കൊണ്ടുവരാനാണെങ്കില്‍ ആര് എതിരു നിന്നാലും വികസനം കൊണ്ടുവന്നിരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പ്രതിഷേധം ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ എന്റെ വഴിമുടക്കാമെന്ന് വിചാരിക്കേണ്ട. വാഹനത്തിൽ പോകണമെന്നെനിക്ക് നിർബന്ധമൊന്നും ഇല്ല, വാഹനമില്ലേലും പാലക്കാട് മുഴുവൻ ഞാൻ നടന്നു പോകും. ഈ നാട്ടുകാരുടെ പിന്തുണയുണ്ടെന്ന് എനിക്കുറപ്പാണെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി തനിക്കെതിരെ മത്സരിച്ച പി.സരിനെ പരോക്ഷമായി പരിഹസിച്ചാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. 'പിരായിരി എണ്ണി കഴിഞ്ഞാൽ ഞാൻ ജയിക്കും'-എന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്ന സരിനെ ലക്ഷ്യംവെച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.