കെ റെയിൽ വരണം, കേരളം വളരണം; വീടുകയറി പ്രചാരണവുമായി ഡി.വൈ.എഫ്.ഐ

കണ്ണൂർ: കെ ​റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പദ്ധതിയുടെ സവിശേഷതകൾ ജനങ്ങളെ ​ബോധ്യപ്പെടുത്താൻ വീടുകയറി പ്രചാരണവുമായി ഡി.വൈ.എഫ്.ഐ. 'കെ റെയിൽ വരണം, കേരളം വളരണം' എന്ന മുദ്രാവാക്യവുമായാണ് ഇടതു യുവജന സംഘടനയുടെ കാമ്പയിൻ.

വീടും സ്ഥലവും നഷ്ടമാകുന്നവരെ നേരിട്ട് കണ്ട് നഷ്ടപരിഹാര തുക അടക്കമുള്ള കാര്യങ്ങളിൽ ബോധവത്കരണം നടത്താനാണ് തീരുമാനം. കണ്ണൂരില്‍ കെ റെയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്‍റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഷാജര്‍, സംസ്ഥാന കമ്മിറ്റി അംഗം മനു തോമസ് എന്നിവര്‍ പങ്കെടുത്തു.

പൊലീസ് സഹായത്തോടെ ബലം പ്രയോഗിച്ചുള്ള കല്ല് സ്ഥാപിക്കൽ, കടന്നുപോകുന്ന സ്ഥലങ്ങൾ ഇനിയും വെളിപ്പെടുത്താത്തത്, നഷ്ടപരിഹാരത്തിലെ അവ്യക്തത, എത്രമീറ്റർ ബഫർ സോൺ, ബഫർ സോണിന്റെ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ വ്യാപക ആശങ്ക നിലനിൽക്കുന്നുണ്ട്.

കെ റെയിലിന് ഒരു മീറ്റർ പോലും ബഫർ സോണില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മന്ത്രി സജി ചെറിയാൻ പിന്നീട് തിരുത്തിയിരുന്നു. താൻ പദ്ധതി വ്യക്തമായി പഠിച്ചിട്ടാണ് പറയുന്നതെന്ന് പറഞ്ഞ അ​ദ്ദേഹം, പിന്നീട് തെറ്റുപറ്റി​യെന്ന് സമ്മതിക്കുകയായിരുന്നു.

ഇരു ഭാഗത്തും അഞ്ചു മീറ്റർ വീതം ബഫർ സോണുണ്ടെന്നായിരുന്നു കെ റെയിൽ എം.ഡി വി അജിത് കുമാറിന്റെ വിശദീകരണം. പദ്ധതിയുടെ വിശദ റിപ്പോർട്ടിലും ഇരുഭാഗങ്ങളിലും ബഫർ സോണുണ്ടാകുമെന്നും അവിടെ നിർമാണ നിയ​ന്ത്രണങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്. മന്ത്രി പറഞ്ഞത് തെറ്റാണെന്നും കെ റെയിൽ എം.ഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരിയും വ്യക്തമാക്കി.

അതിനിടെ, സംസ്ഥാനത്ത് കെ-റെയിൽ സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതിനാൽ ഇന്ന് എവിടെയും സർവേ നടത്തിയില്ല. കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർവേ നടപടികൾ നിർത്തിവെച്ചതെന്നാണ് സൂചന. കൂടാതെ പ്രതിഷേധക്കാർക്കെതിരെ കെ-റെയിൽ സർവേ നടത്തുന്ന ഏജൻസികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ജീവനക്കാരെ ആക്രമിക്കുകയും സർവേ ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്യുന്നുവെന്നാണ് ഏജൻസിയുടെ പരാതി. എന്നാൽ, സംസ്ഥാനവ്യാപകമായി സർവേ നിർത്തിവെച്ചിട്ടില്ലെന്ന് കെ-റെയിൽ അറിയിച്ചു. മാർച്ച് 31നകം കെ-റെയിൽ സർവേ നപടികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Tags:    
News Summary - DYFI door-to-door campaign for K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.