തെളിവുകളെല്ലാം വി. മുരളീധരനിലേക്ക്​ വിരൽ ചൂണ്ടുന്നു; രാജി വെക്കണം-ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്നും യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥ​െൻറ പേരിലാണ് ബാഗേജ് വന്നതെന്നും ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ അധികാരത്തിൽ തുടരാനുള്ള അർഹത വി. മുരളീധരനില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ്‌ എൻ.ഐ.എയെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ്‌ വഴിയാണ്‌ സ്വര്‍ണ്ണം കടത്തിയതെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും " നയതന്ത്ര ബാഗേജുവഴിയല്ല സ്വർണ്ണം കടത്തിയത്" എന്ന തന്റെ നിലപാട് വി.മുരളീധരന്‍‌ ആവര്‍ത്തിക്കുന്നത് ദുരൂഹമാണ്.‌

സാധാരണ നിലയിലുള്ള സ്വർണ്ണക്കടത്ത് മാത്രമാണിതെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സത്യമറിഞ്ഞിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് കേസിനെ ലഘൂകരിക്കാനാണ്.‌ ഇത് സത്യപ്രതിജ്ഞ ലംഘനമാണ്.

കൂടാതെ ബി.ജെ.പി അനുകൂല ചാനൽ മേധാവി അനിൽ നമ്പ്യാർ സ്വപ്‌ന സുരേഷിനോട്, സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ടതി​െൻറ മൊഴിയും പുറത്തുവന്നിരുന്നു. കേസ്‌ പുറംലോകം അറിയുന്നതിന് മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. മാത്രമല്ല, കോൺസുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖ തയ്യാറാക്കി നൽകാമെന്നും അനിൽ പറഞ്ഞതായാണ് മൊഴി പുറത്തുവന്നിട്ടുള്ളത്.

നയതന്ത്രപരമായ കത്തുകൾ തയ്യാറാക്കാൻ നയന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതു കൊണ്ടാകാം അനിൽ ഇത്തരമൊരു ഉപദേശം നൽകിയത്. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനൽ മേധാവിയെത്തന്നെയാണ്. ഇതെല്ലാം വി. മുരളീധരനിലേക്കാണ് വിരൽ ചൂണ്ടുന്നത്. വി. മുരളീധര​െൻറ നിർദ്ദേശപ്രകാരമാണ് അനിൽ നമ്പ്യാർ ഇങ്ങനെ പ്രവർത്തിച്ചതെന്ന് അന്നുതന്നെ ഡി.വൈ.എഫ്.ഐ ആരോപണം ഉന്നയിച്ചിരുന്നു.

മാത്രമല്ല രണ്ടുപ്രാവശ്യമായി കസ്റ്റംസ് അന്വേഷണ സംഘത്തിൽ നടത്തിയ അഴിച്ചുപണികൾ കേസ് അട്ടിമറിക്കുന്നതിന്റെ ഉദാഹരണമാണ്. ആദ്യം ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയപ്പോൾ അതിൽ കാരണം പോലും ബോധിപ്പിച്ചിരുന്നില്ല. രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന കേസിൽ കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സ്വാധീനവും വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അർഹതയില്ലാത്ത മുരളീധരൻ രാജിവയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.