സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിനിടെ 70,000 രൂപയടങ്ങിയ ബാഗ് നഷ്ടപ്പെ​ട്ടെന്ന് ദയാബായി

ഒക്ടോബറിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നതിനിടെ സമരപ്പന്തലില്‍ നിന്നും ഡയറിയും പണവും മറ്റ് ചില രേഖകളുമടങ്ങിയ ബാഗ് മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാബായി. നിരാഹാരസമരത്തിനിടെ പൊലീസ് തന്നെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്താണ് ബാഗ് നഷ്ടപ്പെട്ടതെന്നും ദയാബായി ആരോപിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 12നാണ് ബാഗ് നഷ്ടപ്പെട്ടത്. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നത്. 70,000 രൂപ നഷ്ടപ്പെട്ടു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വേണ്ടി ഒരു സെന്ററും തനിക്ക് ഒരു വീടും നിര്‍മിക്കുന്നതിന് സ്വരൂപിച്ച് വെച്ച തുകയില്‍ ഉള്‍പ്പെട്ടതാണ് നഷ്ടപ്പെട്ട പണമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അവാര്‍ഡ് തുകയായി ലഭിച്ച 50,000 രൂപ ഉള്‍പ്പെട്ട പണമാണ് നഷ്ടപ്പെട്ടത്.

പണത്തേക്കാളും നഷ്ടപ്പെട്ട രേഖകളാണ് തിരിച്ച് കിട്ടേണ്ടതെന്നും ഇക്കാലമത്രയും പരിചയപ്പെട്ട ഒരുപാട് പേരുടെ ഫോണ്‍ നമ്പറുകളടക്കം എഴുതിവെച്ച ഡയറിയാണ് നഷ്ടപ്പെട്ടതെന്നും അതിന് തന്റെ ജീവനേക്കാള്‍ വിലയുണ്ടെന്നും ദയാബായി പറയുന്നു.

ആശുപത്രിയിലേക്ക് തന്നെ മാറ്റിയ പൊലീസിന് തന്റെ വസ്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ആശുപത്രി വിട്ട സമയത്ത് അവിടെ അടക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.

ഒക്ടോബര്‍ 12ന് വൈകീട്ട് നാല് മണിയോടെയായിരുന്നു പൊലീസെത്തി ദയാബായിയെ സമരപ്പന്തലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചത്.

Tags:    
News Summary - During the hunger strike, Dayabai lost a bag containing 70,000 rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.