ദുൽഖറിനെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധന, ദുൽഖർ സൽമാൻ

ദുൽഖർ സൽമാന്‍റെ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു; ഓപറേഷൻ നംഖോറിൽ കോഴിക്കോട്ടും മലപ്പുറത്തുമായി കസ്റ്റഡിയിലെടുത്തത് 11 വാഹനങ്ങൾ

കോഴിക്കോട്: ഓപറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നടനും നിർമാതാവുമായ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തിയത്. കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് ദുൽഖറിന് സമന്‍സ് നല്‍കിയിട്ടുമുണ്ട്. ഇതിനു പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധയാളുകളുടെ പേരിലുള്ള 11 വാഹനങ്ങൾ പിടിച്ചെടുത്തെന്നാണ് വിവരം.

ഏഴ് ഇടങ്ങളില്‍ നിന്നാണ് കസ്റ്റംസ് 11 വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇവ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓപറേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമീഷണര്‍ വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു.

മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ലേലം ചെയ്ത എസ്.യു.വികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയിൽ വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് വിവരം. ഇവ കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സൂചന. 

Tags:    
News Summary - Dulquer Salmaan's vehicles seized by customs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.