കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയെ നാണക്കേടിലാക്കി രാസലഹരി ഉപയോഗം. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ലഹരി ഉപയോഗമാണ് സിനിമ മേഖലക്ക് തലവേദനയായിരിക്കുന്നത്.
നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സിനിമ ലോകത്തെ നാണക്കേടിലാക്കിയതെങ്കിൽ ഞായറാഴ്ച ഹിറ്റ് ചിത്രങ്ങളുടേതടക്കം രണ്ട് യുവ സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് പുറമേ സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ, സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിവാദം കേന്ദ്രീകരിച്ചതോടെ സെറ്റുകളിലെ രാസലഹരി ഉപയോഗം കാര്യമായ ചർച്ചയായില്ല.
യുവതാരങ്ങളുടെ കടന്നുവരവോടെയാണ് സിനിമ സെറ്റുകളിൽ രാസലഹരി വ്യാപകമായത്. പല യുവതാരങ്ങളെക്കുറിച്ചും ആരോപണങ്ങളുയർന്നിരുന്നെങ്കിലും 2015 ജനുവരി 31ന് പിടിവീണത് ഷൈൻ ടോം ചാക്കോക്കായിരുന്നു. എന്നാൽ, ഈ കേസിൽ താരം രക്ഷപ്പെട്ടു. ഇതിനുപിന്നാലെയാണ് ദിവസങ്ങൾക്കുമുമ്പ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വീണ്ടും ഷൈൻ വിവാദങ്ങളിൽപെട്ടത്.
രണ്ടാഴ്ചമുമ്പ് ആലപ്പുഴയിൽ പിടിയിലായ ലഹരി റാക്കറ്റിലെ കണ്ണിയായ തസ്ലിമയുമായി ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മറ്റൊരു ബിഗ്ബോസ് താരം അടക്കമുള്ളവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി കൂടുതൽ അന്വേഷണം നടക്കുന്നതിനിടെയാണ് കൊച്ചിയിൽ ഷൈൻ വീണ്ടും വിവാദത്തിൽപെട്ടത്. ഇതിന്റെ ചൂടാറും മുമ്പാണ് പ്രമുഖ നടന്മാരെ അണിനിരത്തിയുള്ളതടക്കം നിരവധി സിനിമകൾ സംവിധാനംചെയ്ത രണ്ട് യുവ സംവിധായകർ എക്സൈസ് പിടിയിലായത്.
ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ നേരത്തേ വ്യാപകമായതോടെ സെറ്റുകളിൽ പരിശോധന നടത്താൻ സർക്കാർ നീക്കം നടത്തിയെങ്കിലും സിനിമ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് പാളി. പരിശോധനയുടെ പേരിൽ ഷൂട്ടിങ് മുടങ്ങിയാൽ ലക്ഷങ്ങൾ നഷ്ടം വരുമെന്നായിരുന്നു ഇവരുടെ വാദം. നടന്മാർക്ക് സെറ്റുകളിൽ ലഹരിവസ്തുക്കൾ എത്തിക്കാൻ സിനിമകളുടെ അണിയറ പ്രവർത്തകരിൽ ചിലർതന്നെ കാരിയർമാരാകുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.
അതിനിടെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ സസ്പെൻഡ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ അറിയിച്ചു. സിനിമ മേഖലയിലെ രാസലഹരി ഉപയോഗത്തിൽ സംഘടനകൾ നിസ്സംഗത പുലർത്തുകയാണെന്ന ആരോപണത്തിനിടെയാണ് ഈ നടപടി. ലഹരിക്കേസുകളിൽ വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡൻറും സംവിധായകനുമായ സിബി മലയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.