മഞ്ചേരി: കൊറിയർ മാർഗം ലഹരിക്കടത്തും വ്യാപകമാകുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ പൊലീസ്, എക്സൈസ് സംഘങ്ങൾ നടപടി കടുപ്പിച്ചതോടെയാണ് ലഹരി സംഘങ്ങൾ പുതുവഴി തേടുന്നത്. പിടിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്നതാണ് ഇതിലേക്ക് തിരിയാൻ ഇവരെ പ്രേരിപ്പിക്കുന്നത്. കൊറിയർ അയക്കുന്നയാളും സ്വകാര്യ സ്ഥാപന നടത്തിപ്പുകാരും കൈപ്പറ്റുന്നയാളും മാത്രമേ ഇത് കാണുന്നുള്ളൂവെന്നത് ഇടപാട് എളുപ്പമാക്കുന്നു.
പാക്കറ്റിൽ എന്താണെന്ന് അറിയാൻ കൊറിയർ സ്ഥാപന അധികൃതർക്കും വഴിയില്ല. നട്സ്, പഴവർഗങ്ങൾ, ജാമുകൾ, മിഠായികൾ തുടങ്ങിയ വസ്തുക്കൾ എന്ന വ്യാജേനയാണ് ലഹരി കടത്തുന്നത്. കൊറിയർ മാർഗം ലഹരി വസ്തുക്കൾ അയക്കാൻ വിവിധ സംസ്ഥാനങ്ങളിൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
ട്രെയിൻ, ബസ്, ചരക്ക് ലോറി മാർഗമാണ് നേരത്തെ ലഹരി കടത്തിയിരുന്നത്. ഇത് വ്യാപകമായി പിടിക്കപ്പെട്ടതോടെയാണ് കൊറിയർ വഴി സ്വീകരിക്കുന്നത്. നേരത്തെ ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ എത്തിച്ചിരുന്നത്. ചൊവ്വാഴ്ച മഞ്ചേരിയിലേക്കെത്തിച്ചത് ആൻഡമാനിൽ നിന്നാണ്. ജില്ലയിലേക്ക് ആൻഡമാൻ പോലുള്ള ദ്വീപ് സമൂഹങ്ങളിൽനിന്നും ലഹരി എത്തുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
എം.ഡി.എം.എ നിറച്ച് അതിന് മുകളിൽ പീനട്ട് ബട്ടർ, ഫ്രൂട്ട് ജാം തുടങ്ങിയ വസ്തുക്കൾ നിരത്തിവെച്ച പാക്കറ്റാണ് കൊറിയർ കേന്ദ്രത്തിലേക്കെത്തിയത്. മുമ്പ് രണ്ടുതവണ ആൻഡമാനിൽ നിന്നും എം.ഡി.എം.എ ഇവർക്ക് എത്തിയിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി. ഇതിൽ കൂടുതൽ തവണ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരത്തിൽ എത്തിക്കുന്ന എം.ഡി.എം.എ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച് ഇവിടെനിന്നും ചെറിയ പാക്കറ്റുകളിലാക്കി മൂന്നിരട്ടി ലാഭത്തിലാണ് വിൽപന. ഗ്രാമിന് 3000 മുതൽ 5000 രൂപ വരെയാണ് ഈടാക്കുന്നത്. വിദ്യാർഥികൾ ഉൾെപ്പടെയുള്ളവരെ ചില്ലറ വിൽപനക്ക് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞവർഷം അരീക്കോട് സ്വകാര്യ കൊറിയർ സർവിസ് കേന്ദ്രത്തിലേക്ക് തമിഴ്നാട്ടിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകൾ എത്തിയിരുന്നു. ഇത് സ്വീകരിക്കാനെത്തിയ മെഡിക്കൽ വിദ്യാർഥികളെ അന്ന് മഞ്ചേരി എക്സൈസ് സംഘം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.