കേരളം കൊടിയ വരള്‍ച്ചയിലേക്ക്

തിരുവനന്തപുരം:  ഇടവപ്പാതിക്ക് പിന്നാലെ തുലാവര്‍ഷവും (വടക്ക് കിഴക്കന്‍ കാലവര്‍ഷം) കേരളത്തെ  കൈവിടുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ കണക്കനുസരിച്ച് 59 ശതമാനം മഴയുടെ കുറവാണുണ്ടായത്.  362 മി.മീ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 150 മി.മീ മാത്രം. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കുറവ്- 84 ശതമാനത്തിന്‍െറ കുറവാണ് ഇരുജില്ലയിലും.

കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ കാസര്‍കോട്ട് 20 ഉം കോഴിക്കോട്ട് 32 ശതമാനവും അധികമഴ ലഭിച്ചിരുന്നു. മഴക്കുറവ് കടുത്ത വരള്‍ച്ചയിലേക്ക് സംസ്ഥാനത്തെ എത്തിച്ചേക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. എല്ലാ ജില്ലകളും വരള്‍ച്ച ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
തുലാവര്‍ഷം തകര്‍ത്തുപെയ്യേണ്ട തെക്കന്‍ കേരളത്തിലും സ്ഥിതി ആശങ്കജനകമാണ്. കഴിഞ്ഞ സീസണില്‍ 51 ശതമാനം അധികമഴ ലഭിച്ച തിരുവനന്തപുരത്ത് 80 ശതമാനം കുറവാണ് ഇതുവരെ.

357.3 മി.മീ മഴ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് കേവലം 70 മി.മീ മാത്രം. കൊല്ലം -22, പത്തനംതിട്ട-20, ആലപ്പുഴ-61,കോട്ടയം-44, ഇടുക്കി-65, എറണാകുളം-34, തൃശൂര്‍- 71, പാലക്കാട്-67, വയനാട് -72, മലപ്പുറം-71, കണ്ണൂര്‍-76 ഇങ്ങനെയാണ്  ശതമാനനിരക്കില്‍ ജില്ലകളിലെ കുറവ്. കഴിഞ്ഞ തവണ വയനാടും പാലക്കാടും ഒഴിച്ച് മറ്റ് എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷം ലഭിക്കുന്നത്. ഇടവപ്പാതിയില്‍ (തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍) ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് വടക്കന്‍ കേരളത്തിലാണെങ്കില്‍ തുലാവര്‍ഷം കേന്ദ്രീകരിക്കുന്നത് തെക്കന്‍ കേരളത്തിലാണ്. മഴയുടെ 70 ശതമാനവും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് ലഭിക്കുക .

വൈദ്യുതോല്‍പാദനം, കൃഷി തുടങ്ങിയവക്ക് ഈ മഴവെള്ളമാണ് സഹായകമാകുന്നത്. എന്നാല്‍, പസഫിക് സമുദ്രത്തിലുണ്ടായ ‘എല്‍നിനോ’ പ്രതിഭാസവും പരിസ്ഥിതി നശീകരണവും മൂലം ഇത്തവണ 34 ശതമാനം കുറവാണ് ഇടവപ്പാതിയിലുണ്ടായത്. ഇതോടെ തുലാവര്‍ഷമഴയിലായിരുന്നു കേരളത്തിന്‍െറ പ്രതീക്ഷ. എന്നാല്‍, അപകടകരമായ അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അണക്കെട്ടുകളും ജലസ്ത്രോതസ്സുകളും വറ്റിവരണ്ടുകഴിഞ്ഞു. ചിലയിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മഴലഭിക്കുന്നുണ്ടെങ്കിലും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതരത്തില്‍ മഴ ലഭിക്കാത്തത് ഭൂഗര്‍ഭ ജലനിരപ്പ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഭൂമധ്യരേഖക്ക് കിഴക്ക് ഭാഗത്ത് ലഭിക്കുന്ന മഴയുടെ ഫലമായി കാറ്റിന്‍െറ ദിശയില്‍ വന്ന മാറ്റം മൂലമാണ് പ്രതീക്ഷച്ചത്ര മഴ ലഭിക്കാത്തതെന്നും അതിനാല്‍ ഈ സീസണില്‍ അധികമഴ ലഭിക്കുമെന്ന പ്രതീക്ഷവേണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

 

Tags:    
News Summary - drought kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.