തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാധ്യത തേടുന്നതായി സംസ്ഥാന സർക്കാർ. ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിപ്പിക്കാനുള്ള സാധ്യതയാണ് തേടുന്നത്. മറ്റ് വിദേശ രാജ്യങ്ങളിൽ വിജയിച്ച മാർഗമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
വരൾച്ച തടയാൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യും. എത്ര പണം ചെലവിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
വരൾച്ചാ പ്രശ്നം നിയമസഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കിയോസ്ക്കുകൾ വഴി വെള്ളം വിതരണം ചെയ്ത് ജനങ്ങളുടെ ദാഹമകറ്റാമെന്ന ബുദ്ധി സർക്കാറിന് ഉപദേശിച്ചത് ആരാണെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു.
വരൾച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ മുൻകൂട്ടി നടത്തിയതായി ദുരന്തനിവാരണത്തിന്‍റെ ചുമതല കൂടിയുള്ള റവന്യു മന്ത്രി ഇ. ചന്ദ്രശേഖൻ സഭയെ അറിയിച്ചു. 2016 സെപ്റ്റംബറിലാണ് വരൾച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തി. വിവിധ ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് നൽകിയിരുന്നു. ദുരന്തനിവാരണ സേനയുടെ യോഗങ്ങൾ ചേർന്നിട്ടുണ്ട്. കുഴൽകിണർ കുഴിക്കരുതെന്ന് ചൂണ്ടിക്കാട്ടി സർക്കുലർ പുറപ്പെടുവിച്ചെന്നും ചന്ദ്രശേഖരൻ വിശദീകരിച്ചു.
വരൾച്ചാ വിഷയത്തിൽ കേന്ദ്രസർക്കാറിന്‍റെ നിലപാടിനെ ന്യായീകരിച്ച് ബി.ജെ.പി അംഗം ഒ. രാജഗോപാൽ സംസാരിച്ചു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വരൾച്ചയെ കുറിച്ച് അറിയിക്കാൻ പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്ന് പറഞ്ഞു. 20, 21 ദിവസങ്ങളിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചത്. കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രിക്ക് മനസില്ലെന്ന് പിണറായി വ്യക്തമാക്കി.
സർവകക്ഷി സംഘത്തെ കാണാൻ കൂട്ടാക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയെയോ ധനമന്ത്രിയെയോ കാണൂവെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്ന് രാജഗോപാൽ വിശദീകരിച്ചു. ഇതിനെ പോയിന്‍റ് ഒാഫ് ഒാർഡറിലൂടെ മന്ത്രി ജി. സുധാകരൻ നിശിതമായി വിമർശിച്ചു.
മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും വിശദീകരണത്തെ തുടർന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേതുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി അംഗം ഒ. രാജഗോപാലും സഭവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.