ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച വിരമിക്കും. പൊലീസ് സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് രാവിലെ 8.30ന് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് തിങ്കളാഴ്ച ഉച്ചക്ക് 12ന് പൊലീസ് ആസ്ഥാനത്ത്. 2023 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായിരുന്നത്. ഫയര്‍ ആൻഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നാണ് ഈ പദവിയിലെത്തിയത്.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ പട്രോള്‍, സൈബര്‍ ഡോം എന്നിങ്ങനെ പല മേഖലകളിലായിരുന്ന സംസ്ഥാന പൊലീസിലെ സൈബര്‍ യൂനിറ്റുകളെ സൈബര്‍ ഡിവിഷന് രൂപവത്കരിച്ച് ഒരു കുടക്കീഴിലാക്കിയതും മയക്കുമരുന്നിനെതിരായ ഓപറേഷന് ഡി ഹണ്ടിന് തുടക്കം കുറിച്ചതും ഷെയ്ഖ് ദർവേശ് സാഹിബാണ്. പൊലീസ് സേനയുടെ പ്രവര്‍ത്തനത്തിലെ സുതാര്യത വര്‍ധിപ്പിക്കാനായി ഘടനപരമായ മാറ്റങ്ങള്‍ക്കും നേതൃത്വം നല്കി. വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹ സേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു.
പരേതനായ മെഹബൂബ് പീര സാഹിബിന്റെയും ഗൗസുന്നീസ ബീഗത്തിന്റെയും മൂത്ത മകനായി 1964 ജൂലൈ 10ന് ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലാണ് ജനനം. 1991 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വിസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. മക്കൾ: ഡോ. ഷെയ്ഖ് അയിഷാ ആലിയ, ഷെയ്ഖ് ഫറാസ് മുഹമ്മദ്. മരുമകന്: മുഹമ്മദ് ഇഫ്ത്തേക്കര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.