ഡോ. കീളക്കര തൈക്ക ശു​െഎബ്‌ ആലം അൽ ഖാദിരി നിര്യാതനായി

കാഞ്ഞങ്ങാട്: ഇസ്​ലാമിക പണ്ഡിതനും ഗ്രന്ഥകാരനും സൂഫിവര്യനുമായ ഡോ. കീളക്കര തൈക്ക ശുഐബ്‌ ആലം അൽ ഖാദിരി (90) നിര്യാതനായി. തിങ്കളാഴ്ച രാത്രി 12.30ന് കൊവ്വൽപള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. 1930ൽ തമിഴ്നാട്​ കീളക്കരയിലെ പണ്ഡിത കുടുംബത്തിൽ പെരിയ ശൈഖ് നായഗം എന്നറിയപ്പെട്ടിരുന്ന ശൈഖ് അഹ്മദ് അബ്​ദുൽ ഖാദറി‍െൻറയും സിത്തി മറിയം ആയിശ ഉമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായാണ് ശൈഖ് ശുഐബി‍െൻറ ജനനം.

പിതാമഹന്മാർ സ്ഥാപിച്ച അറൂസിയ്യ മദ്​റസയിൽ തന്നെ പിതാവിന് കീഴിൽ പഠനമാരംഭിച്ച ഇദ്ദേഹം പിന്നീട് മദ്​റസ ബാഖിയാത്തു സ്വാലിഹാത്തിലും ജമാലിയ അറബിക് കോളജിലും ദാറുൽ ഉലൂം ദയൂബന്ദിലും ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിലുമായി ഇന്ത്യയിലെ പഠനം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി അൽ അസ്ഹറിലും മദീന യൂനിവേഴ്‌സിറ്റിയിലും പോയ ഇദ്ദേഹം അറബി, പേർഷ്യൻ ഭാഷകളിൽ ബിരുദാനന്തര ബിരുദം നേടിയത് ശ്രീലങ്കയിൽ നിന്നായിരുന്നു. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മുസ്​ലിംകൾ ഇപ്പോഴും ഉപയോഗിച്ചുപോരുന്ന അറബി-തമിഴ് ലിപിയായ അർവി ഭാഷയെക്കുറിച്ചും വിഖ്യാതരായ അർവികളെക്കുറിച്ചുമുള്ള നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഇദ്ദേഹം അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്. 


ബിരുദപഠന കാലത്തുതന്നെ മദ്​റസ അറൂസിയ്യയിൽ ദർസ് തുടങ്ങിയ ഇദ്ദേഹത്തിന് ആയിരക്കണക്കിന് പണ്ഡിതരെ വാർത്തെടുക്കാനായി. ഇദ്ദേഹത്തി‍െൻറ ഭാഷാ ഗവേഷണ രംഗത്തെ സേവനങ്ങളെ മുൻനിർത്തി 1994ൽ രാഷ്​ട്രപതി ശങ്കർദയാൽ ശർമ, വ്യതിരിക്തനായ അറബി പണ്ഡിതനുള്ള ദേശീയ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: സയ്യിദ് അബ്​ദുൽ ഖാദർ (ദുബൈ), സാറമ്മ, സദക്കാത്ത്, സുലൈമാൻ. മയ്യിത്ത് സ്വദേശമായ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. 

Tags:    
News Summary - Dr. Keelakkara Thaikka Shu'eb Alam Al Qadiri passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.