കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ വിവാദ വിഷയമായ കോ-ലീ-ബി സഖ്യത്തിെൻറ സ്ഥാനാർഥികളിൽ ഒരാളായിരുന്നു വ്യാഴാഴ്ച അന്തരിച്ച ഡോ. കെ. മാധവൻ കുട്ടി. സഖ്യത്തിെൻറ മറ്റൊരു സ്ഥാനാർഥിയായിരുന്ന അഡ്വ. രത്നസിങ് കഴിഞ്ഞവർഷം മാർച്ചിലാണ് മരിച്ചത്. 1991ൽ ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചു വന്നപ്പോൾ ഡോ. മാധവൻ കുട്ടി ബേപ്പൂർ നിയമസഭ മണ്ഡലത്തിലും അഡ്വ. രത്നസിങ് വടകര ലോക്സഭ മണ്ഡലത്തിലും യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്രരായി മത്സരിച്ചു പരാജയപ്പെടുകയായിരുന്നു. അന്നത്തെ രാഷ്ട്രീയ പരീക്ഷണത്തിനു നിയോഗിക്കപ്പെട്ട ചുണ്ടെലി ആയിരുന്നു താനെന്നാണ് മാധവൻ കുട്ടി പിൽക്കാലത്തു സ്വയം വിശേഷിപ്പിച്ചത്.
രാഷ്ട്രീയ സദാചാരം വിസ്മരിച്ച് ബി.ജെ.പിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് കോ-ലീ-ബി സഖ്യം എന്നപേരിൽ കുപ്രസിദ്ധമായത്. അനായാസം ഭരണം കിട്ടാൻ കോൺഗ്രസും ലീഗും ചേർന്നു കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഇത്. കെ. കരുണാകരനും പാണക്കാട് ശിഹാബ് തങ്ങളുമായിരുന്നു കോ-ലീ-ബി സഖ്യത്തിെൻറ സൂത്രധാരന്മാർ. എ.കെ. ആൻറണി ഈ കൂട്ടുകെട്ടിന് ഉള്ളുകൊണ്ട് എതിരായിരുന്നു. എന്നാൽ, കോൺഗ്രസ് ഹൈകമാൻഡ് അനുമതി നൽകിയതോടെ ആൻറണി നിശ്ശബ്ദനായി. കെ. രാമൻപിള്ളയായിരുന്നു അന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡെൻറങ്കിലും കരുണാകരനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി പി.പി. മുകുന്ദനാണ് കോ-ലീ-ബി സഖ്യത്തിെൻറ അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്.
കേരളത്തിലെ 50 നിയമസഭ സീറ്റുകളിലും 20 ലോക്സഭ സീറ്റുകളിലും ആർ.എസ്. എസിെൻറ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്കു ചെയ്യുമെന്നായിരുന്നു ധാരണ. അതിനു പകരമായി ബി.ജെ.പി നിർദേശിക്കുന്ന സ്ഥാനാർഥികളെ ബേപ്പൂർ നിയമസഭ മണ്ഡലത്തിലും വടകര ലോക്സഭ സീറ്റിലും സ്വതന്ത്രരായി നിർത്തും. ഈ രണ്ടു മണ്ഡലങ്ങളും യു.ഡി.എഫ് മുസ്ലിംലീഗിനു നൽകിയതായിരുന്നു.
ഉഭയകക്ഷി ധാരണപ്രകാരം ബേപ്പൂരിൽ ലീഗിെൻറ സ്ഥാനാർഥിയായി മത്സരിക്കേണ്ട ഇ.ടി. മുഹമ്മദ് ബഷീറിനെയും ബി.ജെ. പിയുടെ അഹല്യ ശങ്കറിനെയും പിൻവലിച്ചു മാധവൻ കുട്ടിയെ ഇറക്കി. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ബി.ജെ.പി ബന്ധം യു.ഡി. എഫിനു വലിയതോതിൽ ഗുണം ചെയ്തതായി തെളിഞ്ഞു. 20 ലോക്സഭ മണ്ഡലങ്ങളിൽ 16 എണ്ണത്തിൽ യു.ഡി.എഫ് ജയിച്ചു. നിയമസഭയിൽ മികച്ച വിജയം നേടി കെ. കരുണാകരൻ മുഖ്യമന്ത്രിയായി. എന്നാൽ, കോ-ലീ-ബി സഖ്യം നേർക്കുനേരെ പരീക്ഷിച്ച ബേപ്പൂരിലും വടകരയിലും തിരിച്ചടി നേരിട്ടു. ബേപ്പൂരിൽ ഡോ. മാധവൻ കുട്ടിയെ സി.പി.എമ്മിലെ ടി.കെ. ഹംസയാണ് തോൽപിച്ചത്. വടകര ലോക്സഭ സീറ്റിൽ കെ.പി. ഉണ്ണികൃഷ്ണൻ, രത്നസിങ്ങിനെയും പരാജയപ്പെടുത്തി. 6000 വോട്ടുകൾക്കാണ് മാധവൻ കുട്ടി തോറ്റത്. എന്നാൽ, അതോടെ അദ്ദേഹം തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. മത്സരിക്കാൻ പിന്നെയും സമ്മർദങ്ങൾ വന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ബേപ്പൂരിലേത് മാധവൻകുട്ടിയുടെ കന്നി മത്സരമായിരുന്നില്ല. 1984ൽ അദ്ദേഹം കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. വിദ്യാർഥി കാലത്തു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മാധവൻ കുട്ടി സർവിസിൽനിന്നു റിട്ടയർ ചെയ്തശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി വീണ്ടും അടുക്കുകയും കോഴിക്കോെട്ട ലോഹ്യ വിചാരവേദി പ്രസിഡൻറാവുകയും ചെയ്തു. ’
84ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മത്സരിക്കാൻ ഇടതുപക്ഷ നേതാക്കളെ കണ്ടു ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. ഈ ഘട്ടത്തിൽ സഹായിക്കാൻ തയാറായി വന്നത് ബി.ജെ.പിയും ആർ.എസ്. എസുമാണ്. അതോടെ അദ്ദേഹം ബി.ജെ.പി സ്വതന്ത്രനായി മത്സരിച്ചു തോറ്റു. ഈ ബന്ധമാണ് സംഘ്പരിവാറിൽ മാധവൻ കുട്ടിയെ എത്തിച്ചത്.
കമ്യൂണിസ്റ്റുകാരെ തോൽപിക്കുക എന്ന ലക്ഷ്യത്തിനാണ് ബേപ്പൂരിൽ താൻ മത്സരിച്ചതെന്നു ആത്മകഥയിൽ അദ്ദേഹം പറയുന്നുണ്ട്. പാണക്കാട് ശിഹാബ് തങ്ങൾ ഏറ്റവുമധികം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തത് തനിക്കുവേണ്ടിയാണെന്നും 23 യോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചെന്നും മാധവൻ കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.