‘ സസ്​പെൻഷൻ അംഗീകാരം, തുടർഭരണം ഉറപ്പാക്കാൻ ഐ.എ.എസ് കോക്കസ് പ്രവർത്തിച്ചു’-സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ. ബി. അശോക്

തിരുവനന്തപുരം: സസ്പെൻഷൻ നടപടിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ബി. അശോക് ഐ.എ.എസ്. എല്ലാത്തരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്റെ നാണക്കേട് മറക്കാനാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും കാലാവധി കഴിഞ്ഞ സർക്കാരിന്റെ ഉത്തരവിന് പുല്ലുവിലയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘പോകുന്ന പോക്കിൽ ശത്രുക്കൾക്കെതിരെ വെടിയുതിർത്ത് പോവുക എന്നതാണ് സർക്കാർ നിലപാട്. ഈ സസ്പെൻഷനെ ഒരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ അടിമവേലക്കാരാണെന്ന ചിലരുടെ മനോഭാവമാണ് ഈ ഉത്തരവിന് പിന്നിൽ. ഇതിന് ഒരു വിലയുമില്ല, ഇത് ചവറ്റുകുട്ടയിലേക്ക് പോകും,’- അശോക് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു നടപടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ഏകോപനം രണ്ടാം സർക്കാരിൽ പൂർണമായും നഷ്ടപ്പെട്ടുവെന്ന് ബി. അശോക് ചൂണ്ടിക്കാട്ടി. വിരമിച്ച പന്ത്രണ്ടോളം ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ചതിനെയും അദ്ദേഹം വിമർശിച്ചു. മുമ്പ് എം. ശിവശങ്കർ മികച്ച രീതിയിൽ കോർഡിനേഷൻ നടത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ സിവിൽ സർവീസുമായുള്ള എല്ലാ ബന്ധങ്ങളും താളം തെറ്റിയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ബി. അശോക് ഉന്നയിച്ചത്. എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനായി പ്രവർത്തിക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വർഷം നടന്നത് അദ്ദേഹത്തിന്റെ അമിതാധികാര പ്രയോഗമാണെന്നും അശോക് ആരോപിച്ചു. തുടർഭരണം ഉറപ്പാക്കാൻ ഐ.എ.എസ് കോക്കസ് പ്രവർത്തിച്ചു. ഉദ്യോഗസ്ഥർ ആരും അടിമകളല്ലെന്നും രാജഭരണകാലത്തെ സമീപനമാണ് കഴിഞ്ഞ 10 വർഷം ഉണ്ടായതെന്നും മേയ് നാലിന് ഇതിന് അവസാനമാകുമെന്നും അദ്ദേഹം പ്രവചിച്ചു.

സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചതിനും അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ കൂടിയായ അശോകിനെ സസ്പെൻഡ് ചെയ്തതെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.

Tags:    
News Summary - Dr. B. Ashok lashes out at the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.