സി.പി.എമ്മിന്​ സംശയം വേണ്ട, രമ പറയുന്നത്​ ഇടതുപക്ഷ രാഷ്ട്രീയ നിലപാടാണ്​ -ഡോ. ആസാദ്​


യു.ഡി.എഫ്​ പിന്തുണയോടെ വടകരയിൽ മത്സരിക്കുന്ന ആർ.എം.പി സ്​ഥാനാർഥി കെ.കെ രമക്കെതിരെ എൽ.ഡി.എഫ്​ നടത്തുന്ന പ്രചാരണങ്ങൾക്ക്​ മറുപടി പറഞ്ഞ്​ ഡോ. ആസാദ്​. ഒാരോ വിഷയത്തിലും രമയുടെ നിലപാടാണോ യു.ഡി.എഫിനെന്നും യു.ഡി.എഫിന്‍റെ നിലപാടാണോ രമക്കെന്നും സി.പി.എം നിരന്തരം സംശയം ഉന്നയിക്കേണ്ടതില്ലെന്നും, രമ പറഞ്ഞതും പറയുന്നതും ഇടതുപക്ഷ രാഷ്​ട്രീയ നിലപാടാണെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. 

എല്ലാ വിഷയത്തിലും ഒരേ നിലപാടില്ലാത്തതുകൊണ്ടാണ്​ വ്യത്യസ്​ത പാർട്ടികളായി നിലനിൽക്കുന്നതെന്നും പൊതു താൽപര്യത്തിൽ പരസ്​പരം സഹകരിക്കേണ്ടത്​ ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു. തീവ്ര വലതു നിലപാടുകളിലേക്ക് നീങ്ങിനിന്ന് കേരളത്തെ ആപല്‍സന്ധിയില്‍ എത്തിച്ച സി.പി.എം നടപടിക്കെതിരെ മധ്യവലതു നിലപാടുകളുമായി സഹകരിച്ചുപോലും തിരുത്തേണ്ടി വരുന്ന സന്ദര്‍ഭമാണിത്. ആ ഉത്തരവാദിത്തമാണ് കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം നിറവേറ്റുന്നതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം:

വടകരയിലെ സി പി എം സഖാക്കള്‍ക്ക് സംശയം തീരുന്നില്ല. അതങ്ങനെ കൂടുകയാണ്. ''ആ വിഷയത്തില്‍ കെ കെ രമയുടെ അഭിപ്രായമാണോ യു ഡി എഫിന്?'' ''ഈ വിഷയത്തില്‍ യു ഡി എഫിന്‍റെ അഭിപ്രായമാണോ കെ കെ രമയ്ക്ക്?'' സംശയരോഗം വടകരക്കു പുറത്തേക്കും പടരുന്നുണ്ട്.


വിഷയമേതുമാവട്ടെ, ശബരിമലയോ യു.എ.പി.എയോ വികസനനയമോ ഏതുമാകട്ടെ, രമയുടെ അഭിപ്രായം അവരുടേതും അവരുടെ പാര്‍ട്ടിയുടേതുമാകും. ഇനി വരാനിരിക്കുന്ന വിഷയങ്ങളിലും അങ്ങനെയാവും. വ്യത്യസ്തമായ അഭിപ്രായം ഉണ്ടാവുന്നതുകൊണ്ടാണല്ലോ വേറെ വേറെ പാര്‍ട്ടികളാകുന്നത്.
എന്നാല്‍, അതു സി.പി.എം സഖാക്കള്‍ക്കു മനസ്സിലാവുന്നില്ല. വേറെയാണ് അഭിപ്രായമെങ്കില്‍ പുറത്താക്കുകയോ കൊന്നു കളയുകയോ ആവാം എന്നു കരുതുന്ന ആര്‍ക്കും ഭിന്നാഭിപ്രായം പുലരുന്ന ജനാധിപത്യം തിരിയുകയില്ല. യോജിക്കാവുന്നിടത്തു യോജിച്ചും വിയോജിക്കേണ്ടിടത്തു വിയോജിച്ചും തന്നെയാണ് ആളുകള്‍ പാര്‍ട്ടികളിലും മുന്നണികളിലും പൊതുമണ്ഡലത്തിലും ജീവിക്കുന്നത്. ഒരു മുന്നണിയില്‍ പെട്ട പാര്‍ട്ടികള്‍ക്കു തന്നെ വ്യത്യസ്ത അഭിപ്രായവും നിലപാടും ഓരോ വിഷയത്തിലും കാണും. അതു നില നിര്‍ത്തിയുള്ള സന്ദര്‍ഭം ആവശ്യപ്പെടുന്ന ഐക്യപ്പെടലിന് തടസ്സമേതുമില്ല.


ഒരേ മുന്നണിയിലുള്ള സി.പി.ഐക്കും സി.പി.എമ്മിനും എന്‍.സി.പി ക്കും ഐ.എന്‍.എല്ലിനുമെല്ലാം എല്ലാ വിഷയത്തിലും ഒരേ അഭിപ്രായമാണോ? വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെയോ യു.എ.പി.എ കേസുകളുടെയോ സംവരണ നയത്തിന്‍റെയോ ശബരിമല പ്രശ്നത്തിന്‍റെയോ കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണോ?
കേരളത്തിനു പുറത്ത് കോണ്‍ഗ്രസ്സും ലീഗുമായി ഐക്യപ്പെടുന്ന, അവരുടെ നേതാക്കളുമായി വേദി പങ്കിടുന്ന സി.പി.എം അവരുടെ നയങ്ങള്‍ക്കു കീഴ്​പ്പെടുന്നു എന്ന് ആക്ഷേപിക്കാനാവുമോ? അത്ര ലളിതമാണോ രാഷ്ട്രീയ യുക്തികള്‍? കെ കെ രമയും രമയുടെ പാര്‍ട്ടിയും യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടുമ്പോള്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നുതന്നെയാണ് ലക്ഷ്യമാക്കുന്നത്. അത് എന്നേക്കുമുള്ളതോ എല്ലായിടത്തും ഉള്ളതോ ആയ ഒരു കരാറും മറ്റുമല്ല. കേരളത്തിനു പുറത്ത് അവിടത്തെ സാഹചര്യമാണ് ഓരോ പാര്‍ട്ടിയും പരിഗണിക്കുന്നത്. കേരളത്തില്‍ തുടര്‍ഭരണം നല്‍കാവുന്ന കൃത്യങ്ങളല്ല എല്‍.ഡി.എഫില്‍നിന്ന് ഉണ്ടായിട്ടുള്ളത്.


അതിനാല്‍, രമ ഇന്നലെ പറഞ്ഞതും നാളെ പറയുന്നതും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളായിരിക്കും. ഇടതുപക്ഷം എന്ന ബ്രാന്‍റില്‍ വിറ്റഴിക്കപ്പെടുന്ന വലതു രാഷ്ട്രീയം ശീലിച്ചവര്‍ക്ക് ശങ്ക അവസാനിക്കാന്‍ ഇടയില്ല. തീവ്ര വലതു നിലപാടുകളിലേക്ക് നീങ്ങിനിന്ന് കേരളത്തെ ആപല്‍സന്ധിയില്‍ എത്തിച്ച സി.പി.എം നടപടിക്കെതിരെ മധ്യവലതു നിലപാടുകളുമായി സഹകരിച്ചുപോലും തിരുത്തേണ്ടി വരുന്ന സന്ദര്‍ഭമാണിത്. ആ ഉത്തരവാദിത്തമാണ് കെ.കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം നിറവേറ്റുന്നത്. അതിനെ ''ആ വിഷയത്തില്‍ യു.ഡി.എഫിന്‍റെ അഭിപ്രായമല്ലല്ലോ രമയ്ക്ക്, രമയുടെ അഭിപ്രായമല്ലല്ലോ യുഡി എഫിന്'' എന്നെല്ലാം ചികഞ്ഞു ചികഞ്ഞ് ബുദ്ധിമുട്ടിയിട്ട് കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല.


Tags:    
News Summary - Dr. Azad says about kk Rema's political stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.