കോഴിക്കോട്: കേരളം ഇപ്പോൾ ജനാധിപത്യ ഭരണത്തിലല്ലെന്നും ആചാരവിശ്വാസികളുടെ ഭരണത്തിലാണെന്നും ഇടതു ചിന്തകൻ ഡോ. ആസാദ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങൾ മിണ്ടരുതെന്നും ജനങ്ങളുടെ സമരപതാകകൾ ഇനി ഉയർത്തരുതെന്നും ആസാദ് ആവശ്യപ്പെട്ടു. ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പരിഹസിച്ചു. നെയ്യാറ്റിൻകരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാൻ അധികൃതർ മടിച്ചുനിൽക്കുന്നതിനെ വിമർശിച്ചാണ് തുടർച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചത്.
കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവർ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാൻ മടിച്ചുനിൽക്കുന്നതു കണ്ടില്ലേ? എന്ന് അദ്ദേഹം ചോദിക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളിൽ. അവരെ നയിക്കുന്നവരുടെ കൊടികൾ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയിൽ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണെന്നും ഡോ. ആസാദ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഹിന്ദുത്വ ആചാര പരിവാര റിപ്പബ്ലിക്ക് വന്നുകഴിഞ്ഞോ? ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നിർവീര്യമാക്കി മനുസ്മൃതി നിയമങ്ങൾ പ്രാബല്യത്തിൽ വന്നുവോ? ആരാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? ആരാണ് രാജാവ്? ആരാണ് ഉപദേഷ്ടാവ്?
കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവർ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാൻ മടിച്ചുനിൽക്കുന്നതു കണ്ടില്ലേ? ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളിൽ. അവരെ നയിക്കുന്നവരുടെ കൊടികൾ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയിൽ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണ്.
ഓരോ വിശ്വാസത്തിനും അതിന്റെ ആചാരത്തിനും സഞ്ചരിക്കാവുന്ന വ്യവഹാരപഥത്തിന് അതിരുകളുണ്ട്. രാജ്യത്തിന്റെ പൊതുജീവിതത്തെയും പൊതുബോധത്തെയും യുക്തിവിവേകത്തെയും നിയമ വ്യവസ്ഥയെയും അപഹസിക്കാനും തള്ളിക്കളയാനും ഏതു വിശ്വാസത്തിനാണ് അധികാരമുള്ളത്? ഏത് ആചാരവും ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശത്തെയും അയാൾക്കുമേൽ രാജ്യത്തിനുള്ള കരുതലിനെയും വെല്ലുവിളിക്കാൻ വളർന്നുകൂടാ. അത് ഉറപ്പുവരുത്തേണ്ട ഭരണകൂടം കാവിയിട്ട് കുംഭമേളക്ക് പോയതാവുമോ?
എനിക്ക് ഈ വിഷയംവിട്ട് മറ്റൊന്നും ആലോചിക്കാൻ ആവുന്നില്ല. കേരളത്തെപ്പറ്റിയുള്ള നമ്മുടെ വിശ്വാസവും അഭിമാനവുമാണ് തകർന്നുപോവുന്നത്. അത് തകർത്തെറിയുന്നത് അതു സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവരുടെ മുന്നിലാണ്. ഒന്നു തടയാൻ, ഭരണഘടന ചീന്തിയെറിയുന്നവരെ തളയ്ക്കാൻ ശേഷിയില്ലാതെ അവർ കോമാളികളാകുന്നു!
ഇപ്പോഴും നിങ്ങൾ നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നുവോ? ഇപ്പോഴും നിങ്ങൾ കേരളത്തിന്റെ സംസ്കാരത്തെപ്പറ്റി പൊങ്ങച്ചം പറയുന്നുവോ? ഇപ്പോഴും നിങ്ങൾ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലും സമരത്തിലുമാണെന്ന് അവകാശവാദം പറയുന്നുവോ? നിങ്ങൾ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷകരാണെന്ന് നടിക്കുന്നുവോ?
കേരളം ജനാധിപത്യ ഭരണത്തിലല്ല. ആചാരവിശ്വാസികളുടെ ഭരണത്തിലാണ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങൾ മിണ്ടരുത്. ജനങ്ങളുടെ സമരപതാകകൾ ഇനി നിങ്ങൾ ഉയർത്തരുത്. ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.