കരിപ്പൂരിൽ നിന്ന് ആഭ്യന്തര സർവിസുകൾ വർധിപ്പിക്കണം -ഉപദേശക സമിതി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവിസുകൾ വർധിപ്പിക്കണമെന്ന് ഉപദേശകസമിതി യോഗം. തിരുവനന്തപുരത്തേക്കടക്കം കരിപ്പൂരിൽനിന്ന് സർവിസില്ല. കേരളത്തിനകത്തും പുറത്തേക്കും പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് വർധിപ്പിക്കുന്ന വിഷയമാണ് ചർച്ചയായത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് കരിപ്പൂർ വഴി രണ്ട് അന്താരാഷ്ട്ര സർവിസ് നടത്തുന്നുണ്ട്.

എന്നാൽ, ഈ വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരെ അനുവദിക്കില്ല. നേരത്തേ ഈ സർവിസിൽ തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്കും തിരിച്ചും യാത്രക്കാർക്ക് അനുമതിയുണ്ടായിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർ കൂടിക്കലരുമെന്നതടക്കമുള്ള വിഷയങ്ങളാണ് അനുമതി നൽകാതിരിക്കാൻ കാരണമായി ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസുമായി സംസാരിക്കാനും പുതിയ സർവിസ് ആരംഭിക്കാൻ മറ്റ് വിമാനക്കമ്പനികളുമായി ചർച്ച നടത്താനും വിമാനത്താവള ഡയറക്ടറെ ചുമതലപ്പെടുത്തി. മറ്റ് നഗരങ്ങളിലേക്ക് സർവിസ് തുടങ്ങുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും. ഹീൽ ഇന്ത്യ പദ്ധതിയിൽ കരിപ്പൂരിനെ ഉൾപ്പെടുത്താനും എയർ സുവിധ പിൻവലിക്കാനും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി അധ്യക്ഷത വഹിച്ചു. കോചെയർമാൻ എം.കെ. രാഘവൻ എം.പി, വൈസ് ചെയർമാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ടി.വി. ഇബ്രാഹിം എം.എൽ.എ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ചെമ്പാൻ മുഹമ്മദലി, എ.ഡി.എം എൻ.എം. മെഹറലി, വിമാനത്താവള ഡയറക്ടർ എസ്. സുരേഷ്, ഓപറേഷൻസ് ജോയന്‍റ് ജനറൽ മാനേജർ എസ്. സുന്ദർ, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്‍റ് എ.വി. കിഷോർ കുമാർ, പി.വി. ഗംഗാധരൻ, പി.ടി. അജയ്മോഹൻ, സി.ടി. സെയ്തലവി, എ.കെ.എ. നസീർ, പ്രദീപ് കണ്ടോത്ത്, ടി.പി.എം. ഹാഷിർ അലി, കെ.വി. അൻവർ, അവാം സുറൂർ, ടി. മുഹമ്മദ് ഹാരിസ്, ഡോ. പുത്തൂർ റഹ്മാൻ, ഡോ.കെ. മൊയ്തു, എയർലൈൻ ഓപറേറ്റേഴ്സ് കമ്മിറ്റി ചെയർമാൻ ഫാറൂഖ് ബത്ത തുടങ്ങിയവർ സംബന്ധിച്ചു.

ബാഗേജ് വൈകലിന് പരിഹാരം കാണണം

കരിപ്പൂരിൽ വിദേശയാത്രികരുടെ ബാഗേജ് വൈകുന്ന വിഷയത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവിൽ അഞ്ച് കൺവെയർ ബെൽറ്റുകൾ അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥക്ഷാമമാണ് ഇതിന് കാരണമായി ഉന്നയിക്കുന്നത്. ആവശ്യമുള്ളതിനെക്കാൾ വളരെ കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കസ്റ്റംസ് പ്രതിനിധികൾ യോഗത്തിനെത്തിയിരുന്നില്ല. അടുത്ത യോഗത്തിൽ ഡെപ്യൂട്ടി കമീഷണറെയും വിളിക്കണമെന്ന് ഡയറക്ടർക്ക് നിർദേശം നൽകി.

ഭൂമി ഏറ്റെടുക്കൽ ഡിസംബറിനകം

റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം കൂട്ടുന്നതിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ഡിസംബറിനകം പൂർത്തിയാക്കും. യോഗത്തിൽ റവന്യൂ വകുപ്പ് പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 90 മീറ്ററാണ് റിസയുടെ നീളം. ഇത് 240 മീറ്ററായി വർധിപ്പിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. 

Tags:    
News Summary - Domestic services should be increased from Karipur - Advisory Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.