കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കൽ ഷോപ്പുകളിൽ എത്തുമ്പോൾ മരുന്ന് മാറിപ്പോവുന്നതും രോഗികൾ അപകടത്തിലാകുന്നതും സംസ്ഥാനത്ത് ആദ്യസംഭവമല്ല. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഡോക്ടർ എഴുതിയ സിറപ്പിന് പകരം മെഡിക്കൽഷോപ്പിൽ നിന്ന് ലഭിച്ച ഡോസ് കൂടിയ ഗുളിക കഴിച്ച് കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ട് കാൽമുട്ട് വേദനക്കുള്ള മരുന്നിന് കുറിപ്പടിയുമായി എത്തിയ രോഗിക്ക് മാനസിക രോഗത്തിനുള്ള മരുന്നാണ് ലഭിച്ചത്. വീട്ടുകാരുടെ ജാഗ്രതയിൽ രോഗി രക്ഷപ്പെട്ടു.
കഴിഞ്ഞയാഴ്ച കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ കൈക്കുഞ്ഞുമായി സ്ത്രീയെ, കുറിപ്പടി വായിക്കാനാകാതെ ഒന്നിലേറെ മെഡിക്കൽ ഷോപ്പുകാർ തിരിച്ചയക്കേണ്ടി വന്ന സംഭവമുണ്ടായി. ഒടുവിൽ ഒരു ഫാർമസിസ്റ്റ് ഡോക്ടറെ വിളിച്ച് ചോദിച്ചപ്പോൾ മറുപടി കിട്ടി, കുട്ടികൾക്കുള്ള പാരസെറ്റമോൾ സിറപ്പ്! ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കൃത്യമായ നിയമങ്ങളില്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. തീരുമാനങ്ങളും നിർദേശങ്ങളുമല്ലാതെ കൃത്യമായി നടപ്പാക്കുന്നതിനുള്ള നീക്കം മുകളിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് കോഴിക്കോട് ജില്ലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നടപടിയെടുക്കാൻ കൃത്യമായ നിയമങ്ങളുമില്ല. മെഡിക്കൽ കൗൺസിലിനു മാത്രമാണ് ഇക്കാര്യത്തിൽ ഡോക്ടർമാർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ കഴിയൂ.
പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി എവിടെ?
ഡോക്ടർമാർ രോഗികൾക്ക് നൽകുന്ന മരുന്ന് കുറിപ്പടി നിരീക്ഷിക്കാൻ എല്ലാ സർക്കാർ ആശുപത്രികളിലും പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എല്ലാ മാസവും കമ്മിറ്റി പരിശോധന നടത്തി അപാകതകൾ കണ്ടെത്തിയാൽ ജില്ല മെഡിക്കൽ ഓഫിസർക്കു കൈമാറണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ ഇത് പ്രവാർത്തികമാവുന്നില്ല. ജില്ല തലത്തിൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ ഓഡിറ്റ് കമ്മിറ്റി നിലവിലുണ്ടെങ്കിലും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താറില്ല. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധനയും നടക്കാറില്ല.
മാർഗരേഖയുണ്ട്, പക്ഷെ?
രോഗികൾക്ക് മരുന്ന് കുറിച്ച് നൽകുമ്പോൾ കുറിപ്പടിയിൽ ഡോക്ടറുടെ പേരും രജിസ്റ്റർ നമ്പറും വ്യക്തമാക്കണമെന്നാണ് ചട്ടം പറയുന്നത്. എന്നാൽ, മിക്ക കുറിപ്പടികളിലും ഇതൊന്നും ഉണ്ടാവാറില്ല.
കുറിപ്പടികൾ വ്യക്തമായി എഴുതണം
ബുദ്ധിമുട്ടില്ലാതെ വായിക്കാവുന്ന വിധം വളരെ വ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നിർദേശിക്കുന്നത്. ഭൂരിഭാഗം ഡോക്ടർമാരും അങ്ങനെ ചെയ്യുന്നുണ്ട്. ഇപ്പോൾ കമ്പ്യൂട്ടർ പ്രിന്റായാണ് നല്ലൊരു ശതമാനവും മരുന്ന് കുറിച്ച് നൽകുന്നത്. വളരെ കുറച്ച് ഡോക്ടർമാർ മാത്രമാണ് എഴുതിനൽകുന്നത്. ഇതിലും കാലോചിതമായ മാറ്റം വന്നിട്ടുണ്ട്. ഏറ്റവും നല്ല മരുന്നുകൾ ഏറ്റവും നല്ല രീതിയിൽ രോഗികൾക്ക് നിർദേശിക്കണമെന്നും അത് തന്നെ രോഗികൾക്ക് ഫാർമസികളിൽ നിന്ന് ലഭിക്കണമെന്നുമാണ് ഐ.എം.എയുടെ ഉദ്ദേശ്യം.- ഡോ. കെ.എ. ശ്രീവിലാസൻ (ഐ.എം.എ സംസ്ഥാന പ്രസിഡന്റ് )
ശക്തമായ നടപടി വേണം
വ്യക്തമല്ലാത്ത കുറിപ്പടി കാരണം പലപ്പോഴും മരുന്ന് കൊടുക്കാൻ കഴിയാത്തതോ മാറിക്കൊടുക്കുന്ന അവസ്ഥയോ സൃഷ്ടിക്കുന്നു. ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ തന്നെ പ്രിസ്ക്രിപ്ഷൻ എഴുതണമെന്നാണ് ചട്ടമെങ്കിലും പല ഡോക്ടർമാരും പാലിക്കുന്നില്ല. ചിലരെങ്കിലും സദുദ്ദേശ്യത്തോട് കൂടിയല്ല വ്യക്തമായി എഴുതാത്തത് എന്ന് മനസ്സിലാക്കാൻ കഴിയും. ചിലരെങ്കിലും കോഡ് ഭാഷയിലുള്ള എഴുത്തും നടത്തുന്നു. പേരിലെ ഒരക്ഷരം മാറുമ്പോൾ മരുന്നിന്റെ ആക്ഷൻ വളരെ വ്യത്യസ്തമായിരിക്കും. ഗൗരവമായ ഈ അവസ്ഥ മനസ്സിലാക്കി ഫാർമസിസ്റ്റുകൾക്കും ജനങ്ങൾക്കും കൃത്യമായി മനസ്സിലാകുന്ന വലിയക്ഷരത്തിൽ തന്നെ മരുന്നു കുറിപ്പടികൾ എഴുതാൻ ശക്തമായ നിലപാട് സ്വീകരിക്കണം.- ടി. സതീശൻ (ഫാർമസി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.