ഡോക്ടർ ദമ്പതികൾ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

പന്തളം: ദമ്പതികളായ ഡോക്ടർമാരെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. പന്തളം കുന്നുകുഴി ആർ.ആർ ക്ലിനിക് ഉടമ ഡോ. മണിമാരൻ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി (58) എന്നിവരാണ് അമിതമായി മരുന്ന് ഉപയോഗിച്ച് അവശനിലയിൽ വീട്ടിൽ കാണപ്പെട്ടത്​.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ ആശുപത്രി ജീവനക്കാർ വീട്ടിലെത്തി ഇരുവരെയും വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെത്തുടർന്ന് പൊലീസിനെ അറിയിച്ചു. പന്തളം പൊലീസ് എത്തി അവശനിലയിൽ കണ്ട ഇരുവരെയും പന്തളം സി.എം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. സുഹൃത്തുക്കളും മകനും ഉൾപ്പെടെ പത്തോളം പേർക്ക് കത്തെഴുതി വെച്ചശേഷമാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. പൊലീസ്​ വീടിന്‍റെ ജനൽ പൊളിച്ചപ്പോഴാണ്​ അവശനിലയിൽ കണ്ടത്​.

ഐ.എം.എ പന്തളം മേഖല വൈസ് പ്രസിഡന്‍റായിരുന്നു മണിമാരൻ. തമിഴ്നാട്ടിൽനിന്ന്​ 40 വർഷം മുമ്പ് പന്തളത്തെത്തി ക്ലിനിക് നടത്തിവരുകയായിരുന്നു ഇരുവരും. ആത്മഹത്യ ശ്രമത്തിന്‍റെ കാരണം വ്യക്തമല്ല. ഡോക്ടർമാർ എഴുതിയ കത്തിൽ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹം തമിഴ്നാട്ടിൽ അടക്കം ചെയ്യണമെന്നുമാണ് പറയുന്നത്​.

വ്യാഴാഴ്ച രാത്രി ക്ലിനിക്കിൽ എത്തിയ ഡോ. മണിമാരൻ ഐ.എം.എയുടെ സംഘടനാകാര്യങ്ങൾ ഉൾപ്പെടുന്ന ഫയലുകളും മറ്റും ആശുപത്രിയിൽനിന്ന്​ മാറ്റിയിരുന്നു. എന്ത് അത്യാവശ്യം ഉണ്ടെങ്കിലും രാവിലെ ഒമ്പതുവരെ വിളിക്കാനും ജീവനക്കാരോട് പറഞ്ഞിരുന്നു. കുന്നുകുഴി ജങ​്​ഷനിലെ ക്ലിനിക്കിന് സമീപത്താണ് ഇവരുടെ വീട്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Doctor couple is in critical condition due to poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.