താമരശ്ശേരി: താമരശ്ശേരി താലൂക്കാശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിനാണ് തലക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരി അനേയയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാളെ താമരശ്ശേരി പൊലീസ് പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ കുടുംബത്തിന് നീതി ലഭിച്ചിരുന്നില്ലെന്ന് ഏറെ നാളായി കുടുംബം ആരോപണം ഉയർത്തുന്നുണ്ട്. ആശുപത്രി സൂപ്രണ്ടിനെ അന്വേഷിച്ച് എത്തിയ പ്രതി അദ്ദേഹം ഇല്ലെന്നറിഞ്ഞ് അവിടെ ഉണ്ടായിരുന്ന ഡോക്ടറെ വെട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി.
പനിയും ഛർദിയും ബാധിച്ച കുട്ടിയെ താലൂക്കാശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെ എത്തുന്നതിനു മുമ്പ് തന്നെ അനേയ മരിച്ചു. പിന്നാലെ അനേയയുടെ സഹോദരനും രോഗം സ്ഥീരികരിച്ചിരുന്നു.
കുഞ്ഞിന്‍റെ യഥാർഥ മരണ കാരണത്തിൽ ഇപ്പോഴും വ്യക്തത കിട്ടിയിട്ടില്ല എന്നതാണ് കുടുംബത്തിന്‍റെ പരാതി. മരണ സർട്ടഫിക്കറ്റ് പോലും തങ്ങൾക്ക് ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു. താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ ആവശ്യത്തിന് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
എന്നാൽ കുട്ടിയെ ചികിത്സിക്കുന്നതിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാനിനു ശേഷമേ മുറിവിന്‍റെ ആഘാതം മനസ്സിലാക്കാൻ കഴിയൂ എന്ന് കോഴിക്കോട് ഡി.എം.ഒ രാജാറാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.