കൊച്ചി: കേസ് സ്റ്റേ ചെയ്തെന്ന വിവരം അഭിഭാഷകർ അറിയിച്ചതുകൊണ്ട് മാത്രം കേസുകളിലെ തുടർനടപടികൾ വിചാരണക്കോടതികൾ നീട്ടിവെക്കരുതെന്ന് ഹൈകോടതി. ഇതിന് വിരുദ്ധമായി വിചാരണക്കോടതികൾ പ്രവർത്തിച്ചാൽ ഗൗരവത്തോടെ കാണും. സ്റ്റേ ഉണ്ടെന്ന് അഭിഭാഷകർ വാക്കാൽ അറിയിച്ചതിന്റെ പേരിൽ കോടതികൾ വിചാരണ വർഷങ്ങളോളം നീട്ടിവെക്കുന്നതായി വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2017ൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2017ൽ അറസ്റ്റ് വിലക്കി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് വിചാരണക്കോടതിയിൽ കേസിലെ തുടർനടപടികളുണ്ടായിട്ടില്ല. ഇക്കാര്യം പരിഗണിച്ചാണ് ഇത്തരം സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
സ്റ്റേ ഉത്തരവോ സത്യവാങ്മൂലമോ നൽകിയിട്ടില്ലെങ്കിൽ ഹൈകോടതിയുടെ വെബ്സൈറ്റിൽ കേസിന്റെ സ്ഥിതി എന്തെന്ന് വിലയിരുത്തി നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ഹാജരാക്കാൻ പരമാവധി ഒരു മാസംവരെ സമയം അനുവദിക്കാം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്റ്റേ എന്ന ഹൈകോടതി ഉത്തരവാണ് ഹാജരാക്കുന്നതെങ്കിൽ ഈ ഉത്തരവ് നിലവിലുണ്ടെന്ന് വ്യക്തമാക്കി മൂന്നുമാസം കൂടുമ്പോൾ സത്യവാങ്മൂലം നൽകാൻ കക്ഷികൾക്ക് നിർദേശം നൽകണം. നടപടികൾ കേസ് ഇൻഫർമേഷൻ സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്തണം.
ജില്ല കോടതികൾക്കും ട്രൈബ്യൂണലുകൾക്കും അർധ ജുഡീഷ്യൽ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും. പുതുതായി ചുമതലയേൽക്കുന്ന ജുഡീഷ്യൽ ഓഫിസർമാരും ഈ നടപടി സ്വീകരിക്കണം. എല്ലാ ജുഡീഷ്യൽ ഓഫിസർമാർക്കും ഉത്തരവിന്റെ പകർപ്പ് അയച്ചു കൊടുക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.