തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ, നിലപാട് മാറ്റമില്ലെന്ന സൂചന നൽകി ദിവ്യ എസ്. അയ്യർ. കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വിവാദത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശങ്ങളടങ്ങിയ വിഡിയോ ഇൻസ്റ്റ സ്റ്റോറിയാക്കിയാണ് ദിവ്യയുടെ പരോക്ഷ മറുപടി.
ഒരു ചാനലിന്റെ വിഡിയോയാണ് ദിവ്യ ഷെയർ ചെയ്തത്. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ വിഡിയോയിലുള്ളത്. ‘പുരുഷ മേധാവിത്വത്തിന്റെ വശമാണ് ഇവിടെ പ്രകടമാകുന്നതെന്നും അവരുടെ ഭർത്താവിന്‍റെ രാഷ്ട്രീയം മാത്രമാണ് വിമർശിക്കുന്നവർ കാണുന്നതെന്നു’ മാണ് വിഡിയോയിലുള്ളത്. ഭർത്താവിന്‍റെ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാട് ഉദ്യോഗസ്ഥക്ക് സ്വീകരിക്കാൻ പാടില്ലേ, അവർക്ക് തോന്നിയ കാര്യങ്ങൾ നിഷ്കളങ്കമായി പറഞ്ഞെന്നേയുള്ളൂ. അതിന്റെമേലെ വല്ലാതെ ഓടിക്കയറേണ്ടതുണ്ടോ? എന്നീ പരാമർശങ്ങളും റീലിൽ ഉൾപ്പെടുന്നു.
വിവാദം കത്തിയതോടെ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദുദ്ദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്ന് ഭർത്താവും കോൺഗ്രസ് മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥൻ വ്യക്തമാക്കിയിരുന്നു. ‘സർക്കാറിനെയും നയങ്ങളെയും അഭിനന്ദിക്കാം.
പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ലെന്നും ശബരീനാഥൻ പ്രതികരിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നിലപാടിൽ ഉറച്ചുനിൽക്കുന്നെന്ന പരോക്ഷ സൂചന നൽകി മുഖ്യമന്ത്രിയുടെ വിഡിയോ ദിവ്യ ഇൻസ്റ്റയിൽ ഷെയർ ചെയ്തത്. പുകഴ്ത്തൽ വിവാദത്തിൽ കോൺഗ്രസിന് പ്രതിഷേധമുണ്ടെങ്കിലും കെ. മുരളീധരനൊഴികെ മുതിർന്ന നേതാക്കളാരും പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ല. അതേസമയം സി.പി.എം നേതാക്കളെല്ലാം ദിവ്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.