സംസ്ഥാനത്ത് പ്രതിദിനം വിവാഹമോചനം തേടിയത്തെുന്നത് 150ഓളം കുടുംബങ്ങള്‍

കോട്ടയം: സംസ്ഥാനത്ത് പ്രതിദിനം വിവാഹമോചനം തേടിയത്തെുന്നത് 147ലേറെ കുടുംബങ്ങള്‍. ആറു മാസത്തിനുള്ളില്‍ കാല്‍ലക്ഷത്തിലേറെ കേസുകളാണ് സംസ്ഥാനത്തെ കുടുംബകോടതികളില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍വരെ 26,885 കേസുകളാണ് 28 കുടുംബകോടതികളിലായി രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളാണ് വിവാഹമോചന കേസുകളില്‍ ആദ്യ മൂന്ന് സ്ഥാനത്ത്. തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍ കുടുംബകോടതികളിലായി തലസ്ഥാന ജില്ലയില്‍ മാത്രം ഫയല്‍ ചെയ്തത് 4499 കേസുകളാണ്.

കൊല്ലത്ത് ചവറ, കൊട്ടാരക്കര, കൊല്ലം കോടതികളിലായി ഇക്കാലയളവിനുള്ളില്‍ 3627 കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. മൂന്നാം സ്ഥാനത്തുള്ള തൃശൂരില്‍ 2853 കേസുകളാണ് രണ്ടു കുടുംബകോടതിയിലായി വിധി കാത്തുകിടക്കുന്നത്. 2400 കേസുകളുള്ള എറണാകുളം ജില്ലയാണ് നാലാമത്. 2155 കേസുകളുള്ള മലപ്പുറം അഞ്ചാമതും 2037 കേസുകളുള്ള കണ്ണൂര്‍ തൊട്ടുപിന്നിലുമാണ്. 1894,1620,1500 എന്നിങ്ങനെയാണ് ഏഴ്, എട്ട്, ഒമ്പതു സ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ കണക്ക്. കോട്ടയത്ത് 1485 പേരും പത്തനംതിട്ടയില്‍ 1397 പേരുമാണ് വിവാഹമോചനം തേടിയത്തെിയത്.

മലയോര ജില്ലകളായ ഇടുക്കിയും വയനാടും വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോടുമാണ് അവസാന പട്ടികയില്‍. ഇടുക്കിയില്‍ 695, കാസര്‍കോട് 415, വയനാട് 334 എന്നിങ്ങനെയാണ് കണക്ക്.1992ലാണ് സംസ്ഥാനത്ത് ആദ്യമായി കുടുംബകോടതി സ്ഥാപിതമായത്. മറ്റു കോടതികളില്‍നിന്ന് റഫര്‍ ചെയ്തവ ഉള്‍പ്പെടെ 1048 കേസുകളാണ് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 1994ല്‍ ഇത് 2084 ആയി വര്‍ധിച്ചു. രണ്ടു പതിറ്റാണ്ടിനുള്ളില്‍ കേസുകളുടെ എണ്ണം പത്തിരട്ടിയിലേറെ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.

2013ല്‍ കേരളത്തിലെ കുടുംബകോടതികളുടെ എണ്ണം 28 ആയി ഉയര്‍ന്നതോടെ ആ വര്‍ഷം മൊത്തം റിപ്പോര്‍ട്ട് ചെയ്തത് 38,915 കേസുകളാണ്. ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍, മാനസിക രോഗങ്ങള്‍, സ്ത്രീധനം, സാമ്പത്തിക പ്രശ്നങ്ങള്‍, മദ്യപാനം എന്നിവ ആയിരുന്നു ഒരുകാലത്ത് വിവാഹമോചനത്തിലേക്ക് നയിച്ചിരുന്ന സുപ്രധാന കാരണങ്ങളെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയും വിവാഹമോചനത്തിനു പ്രധാന കാരണമാകുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നു.
വീട്ടുകാരറിയാതെ വിവാഹങ്ങള്‍ നടത്തി പിരിയുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് ഈ മേഖലയില്‍ കൗണ്‍സിലര്‍മാര്‍ സൂചിപ്പിക്കുന്നു.

Tags:    
News Summary - divorce in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.