മലപ്പുറം: കനത്ത മഴയെ തുടർന്ന് കരിപ്പൂരിൽനിന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങൾ എടപ്പാൾ, തവനൂർ ഭാഗത്ത് വട്ടമിട്ട് പറന്നത് പരിഭ്രാന്തി പരത്തി. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്നാണ് മുംബൈ-കരിപ്പൂർ ഇൻഡിഗോ എയർ, ബംഗളൂരു-കരിപ്പൂർ ഇൻഡിഗോ എയർ എന്നിവ കോയമ്പത്തൂരിലേക്കും ദുബൈ-കരിപ്പൂർ എയർ ഇന്ത്യ എക്സ് പ്രസ്, ഷാർജ-കരിപ്പൂർ എയർഇന്ത്യ എക്സ് പ്രസ്, മസ്കത്ത്-കരിപ്പൂർ ഒമാൻ എയർ, അബൂദബി-കരിപ്പൂർ എയർ അറേബ്യ എന്നിവ കൊച്ചിയിലേക്കും വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങളെല്ലാം സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഇതിൽ രണ്ട് വിമാനങ്ങളാണ് എടപ്പാൾ, തവനൂർ ഭാഗങ്ങളിൽ ഏറെനേരം വട്ടമിട്ട് പറന്നത്. വെള്ളിയാഴ്ച രാത്രി 6.30നും ഏഴിനുമിടയിലാണ് അരമണിക്കൂറോളം വിമാനങ്ങൾ പറന്നത്. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് എടപ്പാൾ ക്രൈംബ്രാഞ്ച്, കരിപ്പൂർ എയർ ട്രാഫിക് കൺട്രോളിൽ (എ.സി.ടി) അറിയിച്ചു. അസ്വാഭാവികതയൊന്നുമില്ലെന്നും കനത്ത മഴ കാരണമാണ് ആകാശത്ത് വട്ടമിടേണ്ടി വന്നതെന്നും കരിപ്പൂർ എയർ കൺട്രോൾ ട്രാഫിക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.