പെരുമ്പാവൂർ: തൃശൂർ ജില്ലയിൽ മദ്യനിർമാണ കേന്ദ്രം തുടങ്ങാൻ അനുമതി ലഭിച്ച ‘ശ്രീചക്ര ഡിസ്റ്റിലറീസി’െൻറ ഒാഫിസ് പ്രവർത്തിക്കുന്നത് കടമുറിയിൽ. ഡിസ്റ്റിലറിക്ക് അനുമതിതേടി സർക്കാറിന് സമർപ്പിച്ച അപേക്ഷയിൽ കാണിച്ചിരിക്കുന്നത് പെരുമ്പാവൂരിലെ രണ്ടു ഷട്ടറുള്ള കടമുറിയുടെ വിലാസമാണ്. എന്നാൽ, ബോർഡ് ഉൾപ്പെടെ ഒാഫിസിേൻറതായ സംവിധാനങ്ങളൊന്നും ഇവിടെയില്ല. ഇതോടെ, ഡിസ്റ്റിലറിക്ക് അനുമതി നേടാൻ കമ്പനി തട്ടിക്കൂട്ടിയതാണെന്ന സംശയം ബലപ്പെടുകയാണ്.
പെരുമ്പാവൂരിൽ ക്ലാസിക് ടവർ എന്ന പേരിലുള്ള ഇരുനില കെട്ടിടത്തിലെ കടമുറിയിലാണ് ശ്രീചക്രയുടെ ഒാഫിസ്. ഇൗ കടമുറിയുടെ വിലാസം കാണിച്ച് നൽകിയ അപേക്ഷയിൽ തൃശൂർ ജില്ലയിലാണ് ഡിസ്റ്റിലറി തുടങ്ങുന്നത് എന്നല്ലാതെ എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അനുമതി ലഭിച്ചു രണ്ടരമാസമായിട്ടും ഇൗ അവ്യക്തത തുടരുകയാണ്. 10 കോടിയിലധികം രൂപ നിക്ഷേപം വേണ്ടിവരുന്ന ഡിസ്റ്റിലറിയുടെ ഒാഫിസാണ് ആളനക്കമില്ലാത കടമുറിയിൽ പ്രവർത്തിക്കുന്നത്.
കടലാസ് കമ്പനിയുടെ പേരിലാണ് ഡിസ്റ്റിലറിക്ക് അനുമതി സമ്പാദിച്ചതെന്ന സംശയം ഇതോടെ ശക്തമായി. വിവാദ ലൈസൻസ് നേടിയ കമ്പനിയുടെ ഒാഫിസാണ് ഇതെന്ന് പരിസരത്തുള്ളവർക്കുപോലും അറിയില്ല. പെരുമ്പാവൂർ ബി.ഒ.സി റോഡിലെ പ്രദീപ് എന്നയാളുടെ ഉടമസ്ഥതയിലാണ് മുറികളെന്ന് പറയുന്നു. ഇദ്ദേഹം നാട്ടിലുള്ളതായും അറിയില്ല. ചുരുക്കം ചില ദിവസങ്ങളിൽ മാത്രം മൂന്നുപേർ ഇവിടെ എത്താറുണ്ടെന്ന് സമീപത്തെ കടക്കാർ പറഞ്ഞു.
മൂന്നുവർഷം മുമ്പ് ഏഴുലക്ഷം രൂപ വീതം നൽകിയാണ് മുറികൾ വാങ്ങിയത്. വ്യാഴാഴ്ച രാവിലെ മുതൽ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്താനെത്തിയതോടെയാണ് പരിസരത്തുള്ളവർ വിവാദ കമ്പനിയുടെ ഒാഫിസാണ് ഇതെന്ന് അറിയുന്നത്. ഒരു മുറി അടഞ്ഞും ഒന്ന് തുറന്ന് ചില്ല് വാതിലടച്ച നിലയിലുമായിരുന്നു. ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന് ചില്ലിൽ എഴുതിയിട്ടുണ്ട്. ഗോവയിൽ ഡിസ്റ്റിലറി നടത്തി പരിചയമുണ്ടെന്നു കമ്പനി ഉടമകൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.