അയോഗ്യത: മങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അപ്പീൽ ഹൈകോടതി തള്ളി
മങ്കര: കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയ മങ്കര പഞ്ചായത്ത് ഉപാധ്യക്ഷ വസന്തകുമാരിയുടെ അപ്പീൽ ഹൈകോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് വിധി. തെരഞ്ഞെടുപ്പ് നിയമം മൂന്ന് (ഒന്ന് - സി) പ്രകാരമാണ് വസന്തകുമാരിയെ അയോഗ്യയാക്കിയത്. സ്വതന്ത്രയായി നിന്ന് മത്സരിച്ച് ജയിച്ചതിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വസന്തകുമാരി എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തിരുന്നു.
എൽ.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായതിനെ തുടർന്ന് എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതം വോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഗ്യം യു.ഡി.എഫിലെ എം.എൻ. ഗോകുൽദാസിന് അനുകൂലമായി. തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വസന്തകുമാരി സി.പി.എം പിന്തുണയോടെ വൈസ് പ്രസിഡന്റായി. യു.ഡി.എഫാണ് വസന്തകുമാരിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. നിലവിൽ 13 അംഗ സഭയിൽ യു.ഡി.എഫ് -6, എൽ.ഡി.എഫ് -6, ബി.ജെ.പി -1 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു.
പുതിയ സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി നിലപാട് നിർണായകമാകും. ബി.ജെ.പി നിഷ്പക്ഷത പാലിച്ചാൽ വീണ്ടും ഭാഗ്യപരീക്ഷണത്തിന് വഴിതെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.