പയ്യോളി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം :കോഴിക്കോട് പയ്യോളി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി പി.ടി പത്മരാജനെതിരെ അച്ചടക്ക നടപടി. പ്രതിമാസ പെൻഷനിൽ നിന്നും ചട്ടപ്രകാരം 50 രൂപ വീതം ആജീവനാന്തം കുറവ് വരുത്തിയാണ് ഉത്തരവ്. പട്ടികജാതി വനിതകൾക്കായി തൊഴിൽ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ റിപ്പോർട്ട് പ്രകാരം പയ്യോളി ഗ്രാമപഞ്ചായത്തിന്റെ 2011-12 വർഷത്തിലെ ജനകീയാസൂതുണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിയിൽപ്പെട്ട വനിതകൾക്ക് ഖാദിത്തുണി നെയ്ത്തിനും നൂൽ നൂൽപ്പിനും സ്ഥിരമായി തൊഴിൽ സൗകര്യം ഒരുക്കുന്നതിന് പദ്ധതി നടപ്പാക്കിയതിൽ മുൻ സെക്രട്ടറിക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയിരുന്നു. 2011-12 വർഷത്തെ ഗ്രാമപഞ്ചായത്തിന്റെ എസ്.സി.പി, വിഹിതം ആറ് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 17 ലക്ഷവും ഉൾപ്പെടെ 23 ലക്ഷം അടങ്കലായി വകയിരുത്തി.

എന്നാൽ ഈ പ്രോജക്ടിൽ നെയ്ത്ത് എന്നതിൽ നിന്നും സ്പിന്നിങ് എന്നതിലേക്ക് മാറ്റിയതിലും കേരളത്തിൽ ലഭ്യമല്ലാത്ത ചർക്ക വാങ്ങുവാൻ തീരുമാനമെടുത്തതിലും സെക്രട്ടറി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രൊജക്ട് നടപ്പിലാക്കുന്നതിൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നും മേൽനോട്ടക്കുറവും, ടെണ്ടർ നടപടികൾ പാലിക്കുന്നതിൽ വീഴ്ചയുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഔപചാരിക അന്വേഷണ റിപ്പോർട്ടിലും പദ്ധതി ടെണ്ടർ ചെയ്യുന്ന ഘട്ടത്തിൽ നിർവഹണ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി. മുൻ സെക്രട്ടറിയുടെ വിശദീകരണം വസ്തുതാവിരുദ്ധമാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.ഖാദി പ്രതിനിധികളുമായി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോടൊപ്പം ചർച്ച നടത്തി എന്ന് സെക്രട്ടറി അന്വേഷണ വിചാരണയിൽ മൊഴിയിൽ പറയുന്നുവെങ്കിലും ചർച്ച നടത്തിയ തീയതിയിലെ മിനുട്സോ മറ്റ് രേഖകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഖാദി ബോർഡിൽ നിന്നും ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ച യാതൊരു രേഖയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതിനാൽ പയ്യോളി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി പി.ടി പത്മരാജന്റെ പ്രതിമാസ പെൻഷനിൽ നിന്നും ചട്ടപ്രകാരം 50 രൂപ വീതം ആജീവനാന്തം കുറവ് വരുത്തുന്നതിനെടുത്ത തീരുമാനം സ്ഥിരപ്പെടുത്തിയാണ് ഉത്തരവ്.

Tags:    
News Summary - Disciplinary action against PT Padmarajan, former secretary of Paioli gram panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.