പ്രതീകാത്മക ചിത്രം
തൃശൂർ: സെപ്റ്റംബർ 24ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘ഹോമിയോപ്പതി ഡയറക്ടറേറ്റിൽ വൻക്രമക്കേട്’ എന്ന തലക്കെട്ടിലുള്ള വാർത്ത സംബന്ധിച്ച് നിഷേധവുമായി ഹോമിയോ ഡയറക്ടറേറ്റ്. ‘മാധ്യമ’ത്തിന് നൽകിയ പ്രതികരണത്തിലും പബ്ലിക് റിലേഷൻസ് വകുപ്പ് വഴി പുറത്തിറക്കിയ പത്രക്കുറിപ്പിലുമാണ് വാർത്ത വ്യാജമാണെന്ന് ഹോമിയോ ഡയറക്ടറേറ്റ് അവകാശപ്പെട്ടത്.
2020-21, 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയതായിരുന്നു ധനകാര്യ വിഭാഗത്തിന്റെ പരിശോധന. ഈ പരിശോധന നടന്ന തീയതിയും കാലയളവും വ്യക്തമാക്കാതെ, പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളോടൊപ്പം ലേഖകന്റെ ഭാവനക്കനുസരിച്ച് ചില വ്യാജവിവരങ്ങളും ചേർത്താണ് വാർത്ത നൽകിയത്. കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ഗൗരവമുള്ളതാണെന്ന പരാമർശം പരിശോധന റിപ്പോർട്ടിൽ ഇല്ലാത്തതാണ്.
എട്ട് കമ്പ്യൂട്ടർ അധികമായി വാങ്ങിയതിൽ ക്രമക്കേടുകളില്ലെന്നും പർച്ചേസ് റൂളുകൾ പാലിച്ചാണ് വാങ്ങിയതെന്നും അനുബന്ധരേഖകൾ സഹിതം സർക്കാറിന് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, ഈ വിവരം വാർത്തയിൽ മറച്ചുവെച്ചു. പേപ്പർ വാങ്ങാനുണ്ടായ സാഹചര്യവും വകുപ്പിൽനിന്ന് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
2023 ആഗസ്റ്റ് ഒന്നുമുതൽ ഹോമിയോപ്പതി ഡയറക്ടറേറ്റിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിച്ചതിനാൽ ഇതുസംബന്ധിച്ച റിപ്പോർട്ടറുടെ കണ്ടെത്തൽ പൂർണമായും തെറ്റാണ്. പിന്നാക്ക വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് വ്യവസ്ഥകളോടെ പ്രമോഷൻ നൽകുകയും വ്യവസ്ഥപ്രകാരം മൂന്ന് വർഷത്തിനുള്ളിൽ വകുപ്പുതല പരീക്ഷ പാസാവാത്തതിനാൽ അദ്ദേഹത്തെ പഴയ തസ്തികയിലേക്കുതന്നെ മാറ്റുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ ശമ്പളം പുനഃക്രമീകരിക്കുന്നതുൾപ്പെടെ സമയബന്ധിതമായാണ് ചെയ്തത്.
2024ലെ ഭരണഭാഷ സേവന പുരസ്കാരം, ഇപ്പോൾ പുരോഗമിക്കുന്ന ഫയൽ അദാലത്തിൽ ഭരണവകുപ്പിന് കീഴിൽ നിലവിൽ ഒന്നാംസ്ഥാനം, എ.ഐ ടെക്നോളജി ഉപയോഗിച്ചുള്ള സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയ കേരളത്തിലെ അഞ്ച് വകുപ്പുകളിലൊന്ന്, 90 ശതമാനം സ്ഥാപനങ്ങളിലും ഓൺലൈൻ ഒ.പി സംവിധാനം നിലവിൽവന്ന വകുപ്പ് എന്നീ നേട്ടങ്ങൾ അടുത്ത കാലത്ത് നേടിയെടുത്തത് ഹോമിയോപ്പതി ഡയറക്ടറേറ്റിന്റെയും ജീവനക്കാരുടെയും പ്രവർത്തനത്തിന്റെ ഫലമായാണ് എന്നും ഡയറക്ടറുടെ കുറിപ്പിൽ വ്യക്തമാക്കി.
2025 ജൂൺ മൂന്നിന് ധനകാര്യ വകുപ്പ് സർക്കാറിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘മാധ്യമം’ വാർത്ത തയാറാക്കിയത്. റിപ്പോർട്ടിൽ അക്കമിട്ട് വ്യക്തമാക്കിയ വിവരങ്ങൾ മാത്രമാണ് വാർത്തയിൽ പരമാർശിച്ചത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്നുവെന്നതടക്കമുള്ള പരാതിയിന്മേലാണ് ഡയറക്ടറേറ്റിൽ പരിശോധന നടത്തിയത്. സാധാരണ ഓഡിറ്റ് ആയിരുന്നില്ല. കൈക്കൂലി ആരോപണത്തിൽ കഴമ്പില്ലായിരുന്നുവെങ്കിൽ ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്താൻ ധനകാര്യ വകുപ്പ് ശിപാർശ ചെയ്യില്ലായിരുന്നു.
കമ്പ്യൂട്ടർ വാങ്ങിയതിലും ഫണ്ട് വകമാറ്റിയതിലും ബന്ധപ്പെട്ടവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ടാണ് ധനകാര്യ റിപ്പോർട്ടിൽ നടപടിക്ക് ശിപാർശ ചെയ്തത്. ഇ- പേപ്പർ സംവിധാനം നടപ്പാക്കിയശേഷവും പേപ്പർ വാങ്ങിയത് സാമ്പത്തിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്. പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഹാജർ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓഫിസിൽ കൃത്യസമയത്ത് ഹാജരാകാത്ത ഏഴ് ജീവനക്കാരുടെ പേരുവിവരങ്ങൾ റിപ്പോർട്ടിലുണ്ട്. എന്നാൽ, വ്യക്തിപരമായ അവഹേളനം ഒഴിവാക്കാൻ അത് ‘മാധ്യമം’ വാർത്തയിൽ ഉൾപ്പെടുത്തിയില്ല. ധനകാര്യ വിഭാഗത്തിന് ഡയറക്ടർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാകാം വ്യക്തമായ ശിപാർശകൾ ഉൾപ്പെടുത്തി നടപടിക്ക് ശിപാർശ ചെയ്ത് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ വിവരങ്ങൾ തെറ്റാണെങ്കിൽ പ്രസ്തുത റിപ്പോർട്ട് തിരുത്തണമെന്ന് ഡയറക്ടർ സർക്കാറിനോട് ആവശ്യപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.