വധ ഗൂഢാലോചന കേസില്‍ ദിലീപിന്‍റെ ഹരജി വീണ്ടും മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നല്‍കിയ ഹരജി ഹൈകോടതി വീണ്ടും മാറ്റി. മാർച്ച് 17ലേക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. ദിലീപിന്‍റെ അഭിഭാഷകന്‍റെ അപേക്ഷ പരിഗണിച്ചാണ് ഹൈകോടതി നടപടി.

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നും നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് ദിലീപിന്‍റെ വാദം. അതേസമയം, ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകള്‍ പ്രതികള്‍ മുന്‍ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണിലെ വിവരം നശിപ്പിച്ചതിനു ശേഷമാണ് ദിലീപും കൂട്ടാളികളും ഫോൺ കൈമാറിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 4 ഫോണുകള്‍ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകള്‍ ഫോര്‍മാറ്റ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

അന്വേഷണ സംഘത്തിലെ ചിലരുടെ ഫോട്ടോകള്‍ ദിലീപ് മറ്റ് ചിലര്‍ക്ക് അയച്ച് കൊടുത്തതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. വധ ഗൂഢാലോചനക്കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ബോധ്യപ്പെട്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Dileep's plea postponed highcourt again in murder conspiracy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.