ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടൻ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ആരോപണവുമായി അന്വേഷണ സംഘം. ഇതിനു തെളിവുകൾ ലഭിച്ചാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടും. അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്ന അന്വേഷണ സംഘം ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന സൂചനകളെ തുടർന്ന് അതിനുള്ള തെളിവുകളും തിരയുന്നുണ്ട്.
കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യ വ്യവസ്ഥ ലംഘനത്തിൽ ദിലീപിനെ ജയിലിലാക്കാൻ നീക്കം നടക്കുന്നത്.
ഇക്കാര്യത്തിൽ എങ്ങനെയാണ് ഡീൽ നടത്തിയതെന്ന് വിശദമാക്കുന്നതിന്റെ തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്റെ ശബ്ദരേഖയുണ്ടെന്നും പറഞ്ഞിരുന്നു.
ദിലീപിന്റെ സഹോദരൻ അനൂപും ഇയാളെ സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്ദരേഖയുണ്ടെന്നും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിങ്ങുകൾ വേറെയുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
തെളിവുകൾ കണ്ടെത്താൻ സൈബർ വിദഗ്ധരുടെ സംഘവും
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയതായ കേസിലടക്കം തെളിവുകൾ ശേഖരിക്കാൻ സൈബർ വിദഗ്ധരുടെ സംഘവും. ദിലീപിന്റെ വീട്ടിലും ഓഫിസിലും റെയ്ഡിനെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടൊപ്പം സൈബർ വിദഗ്ധരുമുണ്ടായിരുന്നു.
പുതിയ ആരോപണങ്ങളിലും നടിയെ ആക്രമിച്ച കേസിലും നിർണായകമായ പല തെളിവുകളും ഡിജിറ്റൽ രൂപത്തിലുള്ളവയാണ്. അത് കണ്ടെത്താനാണ് സൈബർ സംഘത്തിന്റെ സേവനം. നടിയെ ആക്രമിച്ച് പൾസർ സുനി ദൃശ്യങ്ങൾ പകർത്തിയ ഫോണിലെ മെമ്മറി കാർഡോ ദൃശ്യങ്ങളുടെ ഒറിജിനലോ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നതായി ബാലചന്ദ്രകുമാർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ താൻകൂടി ഇരിക്കവേ 'പത്മസരോവരം' എന്ന വീട്ടിൽനിന്ന് ദിലീപും അനൂപും അടക്കമുള്ളവർ കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
അതോടൊപ്പം അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങൾ യു ട്യൂബിൽ കണ്ടപ്പോൾ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്കുള്ള തെളിവുകൾ ശേഖരിക്കാൻ കൂടിയാണ് സൈബർ സംഘം പരിശോധന നടത്തിയത്.
നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ എപ്പോഴെങ്കിലും എത്തിയോ എന്നും സൈബർ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിൽ തോക്ക് കണ്ടെത്താൻ ശ്രമം
നടൻ ദിലീപിന്റെ വീട്ടിൽ വ്യാഴാഴ്ച അന്വേഷണസംഘം നടത്തിയ പരിശോധനയിൽ തോക്ക് കണ്ടെത്താനും ലക്ഷ്യം. ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാർ ദിലീപിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച കോടതി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ പരമാവധി വിവരങ്ങളും തെളിവുകളും ഹാജരാക്കലാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. അതിലൂടെ ജാമ്യാപേക്ഷ തള്ളി ദിലീപിനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയും.
വീട്ടിൽ റെയ്ഡ് തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തി. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തിയിരുന്നു. മൂന്നര മണിക്കൂർ പിന്നിട്ടപ്പോൾ ദിലീപിന്റെ അഭിഭാഷകരും ആലുവയിലെ പത്മസരോവരം വീട്ടിലെത്തി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന് ഉച്ചയോടെ ദിലീപിന്റെ വീട്ടിൽനിന്ന് പുറത്തിറങ്ങിയ എസ്.പി മോഹനചന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.