വിശ്രമ മുറികളിൽ യൂനിഫോമും തൊപ്പിയും തൂക്കിയിടരുത്; പൊലീസുകാർ വീട്ടിൽ നിന്ന് യൂനിഫോം ധരിച്ച് എത്തണം -കർശന നിർദേശങ്ങളുമായി ഡി.ഐ.ജി

ആലുവ: ജോലിയുമായി ബന്ധപ്പെട്ട ചട്ടങ്ങളും പൊലീസ് സ്‌റ്റേഷനിൽ പാലിക്കേണ്ട മര്യാദകളും സംബന്ധിച്ച് കർശന നിർദേശങ്ങളുമായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന സർക്കുലർ നൽകിയിരിക്കുന്നത്. സ്റ്റേഷനുകളിൽ താൽക്കാലിക വിശ്രമത്തിനായി മാറ്റി വച്ചിരിക്കുന്ന മുറികൾ ചിട്ടയായി പരിപാലിക്കണമെന്ന് നിർദേശമുണ്ട്.

മുറികളിൽ ചിട്ടയില്ലാതെയും അലങ്കോലമായും ഇട്ടിരിക്കുന്ന യൂനിഫോമുകൾ, തൊപ്പികൾ, ഷൂ എന്നിവ അതാത് ഉദ്യോഗസ്ഥർ 28നകം മുറിയിൽ നിന്നും നീക്കം ചെയ്യണം. സ്റ്റേഷനിൽ ഡ്യൂട്ടിക്കായി വരുന്ന പൊലീസ് ഉദ്യോഗസ്ഥർ കഴിവതും വീട്ടിൽ നിന്നും യൂനിഫോം ധരിച്ച് വേണം സ്റ്റേഷനിൽ ഡ്യൂട്ടിക്കായി ഹാജരാകേണ്ടത്. അതിന് അസൗകര്യമുള്ള ഉദ്യോഗസ്ഥർ യൂനിഫോം സ്റ്റേഷനിൽ കൊണ്ടുവന്ന് ധരിച്ച് ഡ്യൂട്ടിക്ക് ശേഷം തിരികെ കൊണ്ടു പോകേണ്ടതാണ്. സ്റ്റേഷനിലെ വിശ്രമ മുറിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകൾ തൂക്കിയിടാനോ ഷൂ, തൊപ്പി, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ സൂക്ഷിക്കുവാനോ പാടുള്ളതല്ല.

സ്റ്റേഷനിൽ താൽക്കാലിക വിശ്രമത്തിനായി മാറ്റി വച്ചിരിക്കുന്ന പുരുഷൻമാരായുള്ള ഉദ്യോഗസ്ഥരുടെ മുറിയിൽ മൂന്നുകട്ടിലുകളും സ്ത്രീകളായ ഉദ്യോഗസ്ഥരുടെ മുറിയിൽ രണ്ടുകട്ടിലുകളും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അധികമായ കട്ടിലുകൾ 28 നകം സ്റ്റേഷൻ റൈട്ടർ നീക്കം ചെയ്യണം. സ്റ്റേഷനിൽ ഡ്യൂട്ടിക്കായി വന്നിരിക്കുന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി കഴിഞ്ഞു പോകുന്നതു വരെ യൂനിഫോമിൽ ഡ്യൂട്ടി ചെയ്യേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളിലോ മേലധികാരിയുടെ പ്രത്യേക നിർദേശമോ ഇല്ലാതെ മഫ്തിയിൽ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുവാൻ പാടില്ല. പൊലീസ് സ്റ്റേഷനിൽ ദൈനംദിനം ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് അവരവരുടെ നോട്ടുബുക്കുമായി എസ്.എച്ച്.ഒയിൽനിന്നും ഡ്യൂട്ടി വിവരങ്ങൾ എഴുതി വാങ്ങേണ്ടതും ആയത് പ്രകാരം ചെയ്ത ഡ്യൂട്ടി വിവരങ്ങൾ നോട്ടുബുക്കിൽ രേഖപ്പെടുത്തി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് എസ്.എച്ച്.ഒ, ജി.ഡി ചാർജ് എന്നിവരെ കാണിച്ച് ബോധ്യപ്പെടുത്തണം.

ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയങ്ങളിൽ നോട്ട് ബുക്ക് കൈവശം വെക്കണം. അത് മേലുദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കേണ്ടതുമാണ്. എസ്.എച്ച്.ഒയുടെ അഭാവത്തിൽ സബ് ഇൻസ്പെക്ടർ (ക്രൈം) അല്ലെങ്കിൽ സബ് ഇൻസ്പെക്ടർ (ക്രമസമാധാനം) എന്നിവർ ഡ്യൂട്ടി നൽകേണ്ടതാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നോട്ടുബുക്കുകൾ സബ് ഡിവിഷൻ ഓഫിസറുടെ പരിശോധനക്ക് വിധേയമാക്കുന്നതിനായി സമർപ്പിക്കുന്നതാണ്.

ഈ മാസം 30 ന് ഈ നിർദ്ദേശങ്ങളുടെ അനുവർത്തന റിപ്പോർട്ട് തയ്യാറാക്കി മേലധികാരത്തിലേക്ക് സമർപ്പിക്കണം. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് സ്റ്റേഷൻ പ്രവർത്തനം മികവാർന്ന രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് എല്ലാവരും ശ്രമിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

Tags:    
News Summary - DIG with strict instructions to the police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.