തിരുവനന്തപുരം: ജില്ലയിലെ രണ്ട് കോവിഡ് രോഗികളുടെ രണ്ട് ലാബുകളിലെ പരിശോധനാഫലങ്ങൾ വ്യത്യസ്തം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ പോസിറ്റീവ് ഫലമാണ് കിട്ടിയതെങ്കിൽ അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയി. എന്നാൽ, വ്യത്യസ്ത ഫലങ്ങളിൽ ആശയക്കുഴപ്പമില്ലെന്നും ആവശ്യമെങ്കിൽ ആലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് പേരുടെ ആദ്യ സ്രവ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ആയിരുന്നു. പോസിറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്നാണ് ഇവരെ രോഗികളായി പ്രഖ്യാപിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. എന്നാൽ അന്ന് തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധന നടത്തിയിരുന്നു. അതിന്‍റെ ഫലം ഇന്നലെ വന്നത് രണ്ടും നെഗറ്റീവ് ആണ്. 48 മണിക്കൂർ കഴിഞ്ഞാണ് ഇനി രണ്ട് പേരുടെയും സ്രവം പരിശോധിക്കുക.
തങ്ങളുടെ പരിശോധനാ ഫലത്തിൽ ആശയക്കുഴപ്പമില്ലെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഇൻസ്റ്റ്യൂട്ട് അറിയിച്ചു. ജർമ്മന്‍ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ചാത്തന്നൂർ സ്വദേശികൾ ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്.
ആദ്യം നെഗറ്റീവ് ആയവർക്ക് പെട്ടെന്ന് തന്നെ പോസിറ്റീവ് ആയി കണ്ടിട്ടുണ്ടെന്നും നേരെ മറിച്ചും ഉണ്ടായിട്ടുണ്ടെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആവശ്യമെങ്കിൽ ആലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് വ്യക്തത വരുത്തും. -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.