ഗാന്ധിയും നെഹ്റുവും ഇംഗ്ളണ്ടിലല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശ ചികിത്സയിൽ വിചിത്ര വാദവുമായി എം.എ ബേബി

ന്യൂഡൽഹി: കേരളത്തിന്‍റെ ആരോഗ്യമേഖല പൊതുവായി മെച്ചപ്പെട്ട നിലയിലാണെങ്കിലും ഇവിടെയും പ്രശ്നങ്ങളുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ  പതിവായി ചികിത്സതേടുന്നത് എന്തിനാണ്, എന്തുകൊണ്ട് കേരളത്തിലെ സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന്, ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കാനാണ് എല്ലാവരും ശ്രമിക്കുകയെന്നായിരുന്ന പാർട്ടി സെക്രട്ടറിയുടെ മറുപടി.

നമ്മുടെ ആയുർവേദ ആശുപത്രികളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് എത്രയോ പേർ വരുന്നുണ്ട്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും യു.കെയിൽ പോയല്ലേ പഠിച്ചത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ വിദേശത്തെ കുട്ടികൾ പഠിക്കുന്നുണ്ട്. കേരളത്തിൽനിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്നുണ്ട്. ഇതിൽ ഒന്നിനെ എടുത്ത് പർവതീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മികച്ചതാണ് എന്ന് പറയുമ്പോഴും കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നമുക്ക് ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം. ഇതിനായി മന്ത്രി രാജിവെക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും എം.എ. ബേബി പറഞ്ഞു.

Tags:    
News Summary - Didn't Gandhi and Nehru study in England? M.A. Baby makes strange claim about foreign treatment of ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.