നൂറനാട് ലപ്രസി സാനറ്റോറിയത്തിന്റെ ജയിൽ
ചാരുംമൂട്: ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച നൂറനാട് ലപ്രസി സാനറ്റോറിയത്തിലെ ജയിൽ അവഗണനയിൽ. ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല.ചരിത്രവഴികളിലെ തിളക്കമാർന്ന പുരാവസ്തുക്കൾ കണ്ടെത്താൻ അധികൃതർ ശ്രമിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് ഒളിസങ്കേതം പോലെയായിരുന്ന ജയിൽ. സാനറ്റോറിയം വളപ്പിലെ ഈ ജയിൽ തോപ്പിൽ ഭാസിയുടെ 'അശ്വമേധ'ത്തിന്‍റെ രചനക്ക് പ്രചോദനമായിരുന്നു.
കുഷ്ഠരോഗികളായ തടവുകാരെ പാർപ്പിക്കാൻ 1935 ലാണ് ആഭ്യന്തരവകുപ്പ് നൂറനാട്ട് ജയിൽ സ്ഥാപിച്ചത്. കൂറ്റൻ ചുറ്റുമതിലും ഇരുമ്പു കവാടവും അതിനുള്ളിൽ രണ്ട് ഓടിട്ട കെട്ടിടങ്ങളിലായി അഞ്ച് മുറികൾ വീതമുള്ള തടവുമുറികളുമാണ് ജയിൽ. കുഷ്ഠരോഗികളെ കൂടാതെ നിരവധി പ്രഗല്ഭമതികൾ ഈ ജയിൽ മുറികൾക്കുള്ളിലെത്തിയിരുന്നു. 183 ഓളം രോഗികൾ തടവുകാരായി ഈ ജയിലിൽ കിടന്നിട്ടുണ്ടെന്നാണ് രേഖകൾ.
1944 കാലഘട്ടം മുതലുള്ള മധ്യ തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ഈ ജയിലിന് പങ്കുണ്ട്. കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇളങ്കോവനെ പാർപ്പിച്ചതോടെയാണ് സാനറ്റോറിയം ജയിൽ ദേശശ്രദ്ധ ആകർഷിച്ചത്. ഇളങ്കോവനെ സന്ദർശിക്കാൻ കേരളത്തിനകത്തും പുറത്തുമുള്ള ഉന്നത നേതാക്കൾ ഇവിടെ എത്തിയിട്ടുണ്ട്. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് നേതാവ് പി. കാർത്തികേയൻ, തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ജനാർദനൻ ആചാരി എന്നിവർ രോഗബാധിതരായി സാനറ്റോറിയത്തിലുണ്ടായിരുന്നു. വെറും തടവുകാർ എന്നതിലുപരി അക്കാലത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സജീവ ഇടമായും മാറി.
കുഷ്ഠരോഗ നിർമാർജനം സാധ്യമായി എന്ന കണക്കുകൂട്ടലിൽ സാനറ്റോറിയത്തെ അവഗണിക്കാൻ തുടങ്ങിയപ്പോൾ ജയിൽ ജീർണാവസ്ഥയിലായി. ഓടിട്ട കെട്ടിടങ്ങൾ ഏതുനിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. വളപ്പിനും പുറത്തും കാടുതിങ്ങി ഇഴജന്തുക്കളുടെ താവളമായി. സാനറ്റോറിയത്തിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ നിക്ഷേപിക്കുന്ന ഇടമായി ജയിൽ മാറിക്കഴിഞ്ഞു.
ജയിലിന് സമീപമാണ് സ്ത്രീകളുടെ വാർഡ്. തുടക്കത്തിൽ വാർഡന്മാർ അടക്കം ആറുജീവനക്കാർ ജയിൽ നോക്കാൻ ഉണ്ടായിരുന്നു. തടവുകാർ ഇല്ലാതായതോടെ അത് രണ്ടായി ചുരുക്കി. ഇപ്പോൾ ആരുമില്ല. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ജയിൽ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.