കൊച്ചി: പ്രമേഹ ബാധിതരായ (ടൈപ്പ്-1 ഡയബെറ്റിസ് മെലിറ്റസ്) കുട്ടികൾക്ക് കേരള സർക്കാർ നടപ്പിലാക്കിയ മിഠായി ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി. കേരളത്തിൽ ടൈപ്പ്-1 പ്രമേഹ ബാധിതരായ 3500ലധികം കുട്ടികളുണ്ടെന്നും ഇവർക്ക് വേണ്ട ഇൻസുലിൻ അടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ തുടങ്ങിയ പദ്ധതി തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ തുടങ്ങി അഞ്ച് മെഡിക്കൽ കോളജുകളിൽ മാത്രമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്നും ഹരജി പറയുന്നു.
ബാക്കിയുള്ള ഒമ്പത് ജില്ലകളിൽ ഉള്ളവർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കാൻ ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും മിഠായി ക്ലിനിക്കുകൾ തുടങ്ങണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശിഹാബുദീനാണ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. അഡ്വ. അഹമ്മദ് സഹീർ, അഡ്വ. സി. അഹമ്മദ് ഫായിസ് എന്നിവർ മുഖേന നൽകിയ ഹരജിക്ക് ഏപ്രിൽ അഞ്ചിന് മറുപടി നൽകാൻ ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.
2020 സെപ്റ്റംബറിൽ ടൈപ്പ് 1 ഡയബിറ്റിക് മെനിറ്റിസ് എന്ന രോഗത്തെ അംഗപരിമിത പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശിഹാബുദീൻ ഹൈകോടതിയെ സമീപിക്കുകയും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.