സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് സിനിമക്കാർ കോൺഗ്രസിനെ ഇഷ്​ടപ്പെടുന്നതെന്ന്​ ധർമജൻ

കൊച്ചി: സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് സിനിമക്കാർ കോൺഗ്രസിനെ ഇഷ്​ടപ്പെടുന്നതെന്ന്​ നടൻ ധർമജൻ ബോൾഗാട്ടി. സിനിമ മേഖലയിൽ ഇടതുപക്ഷ അനുഭാവികളാണ് കൂടുതലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഭൂരിഭാഗവും വലതുപക്ഷക്കാരാണ്. ഒന്നോ രണ്ടോ പേർ ജനപ്രതിനിധികളായെന്ന് വിചാരിച്ച് മുഴുവൻ കലാകാരന്മാരും ഇടതുപക്ഷ അനുഭാവികളല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ സിനിമക്കാർ കോൺഗ്രസിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കമാണ് രമേശ് പിഷാരടിയുടെ വരവ്. വലിയൊരു സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്ന ഇടവേള ബാബുവും മേജർ രവിയുമൊക്കെ കോൺഗ്രസിലേക്ക് വരുന്നത് ആരെങ്കിലും പറഞ്ഞിട്ടില്ല. സ്വന്തം രാഷ്​ട്രീയം തുറന്നുപറയുന്നതിൽ എന്താണ് തെറ്റെന്നും ധർമജൻ വാർത്തസമ്മേളനത്തിൽ ചോദിച്ചു.

വർഷങ്ങളായി പോസ്​റ്ററൊട്ടിച്ചും മൈക്ക് അനൗൺസ്മെൻറ് നടത്തിയും കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചയാളാണ് താൻ. മത്സരിക്കാനുള്ള അവസരം ലഭിച്ചിട്ടും സിനിമയുടെയും മിമിക്രി പരിപാടികളുടെയും തിരക്കിൽ വേണ്ടെന്നുവെച്ചിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. എവിടെയും മത്സരിക്കും. ഇതുവരെ ഒരു മണ്ഡലത്തെക്കുറിച്ചും ചർച്ചകൾ നടന്നിട്ടില്ല. കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിപ്പിക്കാൻ കഴിയുന്നയാളാണ് പിഷാരടി. സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയിൽ പങ്കെടുത്താൽ അദ്​ഭുതപ്പെടാനില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് തർക്കങ്ങളെല്ലാം മാറ്റിവെച്ച് ഒരുമിച്ച് മുന്നോട്ടുവരുകയാണ് കോൺഗ്രസ്. താൻ ഒരു ഗ്രൂപ്പിനെയും പ്രതിനിധീകരിക്കുന്നില്ല. ഏറ്റവും ഇഷ്​ടപ്പെട്ട നേതാവായ കരുണാകരൻ ഇടക്ക് പാർട്ടി വിട്ടപ്പോൾ താൻ പിറകെ പോയിട്ടില്ല. ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് സലിംകുമാറിനെ അവഗണിച്ചത് രാഷ്​ട്രീയപരമായ തീരുമാനമാണ്. അതിനാലാണ്​ മേള ബഹിഷ്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Dharmajan says filmmakers like Congress because they want peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.