ജേക്കബ് തോമസിന്‍റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഹൈകോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരെ ഡി.ജി.പി ജേക്കബ് തോമസിന്‍റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ജേക്കബ് തോമസിന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരസിച്ചു. 

ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശത്തിന് ഹൈകോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഏപ്രിൽ രണ്ടിന് ഹൈകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ജേക്കബ് തോമസ് ഹൈകോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

ഈസ്റ്റർ അവധിക്കായി മാർച്ച് 28ന് കോടതി അടക്കുകയാണ്. അതിനാൽ 28ന് തന്നെ കേസ് പരിഗണിക്കണമെന്ന് ജേക്കബ് തോമസിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, അടിയന്തരമായി കേസ് കേൾക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി തിങ്കളാഴ്ച ഹൈകോടതി കേസ് പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. ഹരജിക്കാരനെ കോടതിക്ക് നേരിട്ട് ജയിലിലേക്ക് അയക്കാൻ സാധിക്കില്ലെന്നും അതിന് ചില മാർഗരേഖകളുണ്ടെന്നും ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ചൂണ്ടിക്കാട്ടി.   

നേരത്തെ, കേന്ദ്ര വിജിലൻസ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി ജഡ്ജിമാർക്കെതിരെ പരാമർശം നടത്തിയത്. എന്നാൽ, താൻ ഹൈകോടതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ചില വസ്തുതകൾ വിജിലൻസ് കമീഷനെ അറിയിക്കുകയാണ് ചെയ്തതെന്നും ജേക്കബ് തോമസ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. തന്‍റെ പരാമർശങ്ങൾ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈകോടതി നടപടികൾ റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - DGP Jacob Thomas Petition Consider Supreme Court On April second -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.