തിരുവനന്തപുരം: ക്ഷേത്രഭരണത്തിൽനിന്ന് ദേവസ്വം ബോർഡുകളെ ഒഴിവാക്കണമെന്ന കാലങ്ങളായുള്ള സംഘ്പരിവാർ ആവശ്യം പരസ്യമായി ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സ്വർണപ്പാളി വിവാദ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി മുഖ മാസികയായ യോഗനാദത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും രാജഭരണത്തിന്റെ പശ്ചാത്തലമുള്ളതിനാൽ ചരിത്രപരമായ കാരണങ്ങൾകൊണ്ടാണ് അത് വേണ്ടിവന്നതെങ്കിലും ആ രീതി മാറ്റേണ്ട കാലമായെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളാണ്. പ്രമുഖ ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു.
കാട്ടിലെ തടി, തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി. ഈ വിഴുപ്പു ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാറുകൾ സഹിക്കേണ്ടതില്ല. സർക്കാർ ഇടപെടലുകൾ പരമാവധി കുറച്ച്, കൃത്യമായ ചട്ടക്കൂടിൽ ജാതി വേർതിരിവുകൾ ബാധിക്കാത്ത രീതിയിൽ പരാതികൾക്കിടയില്ലാതെ ഒരു പരീക്ഷണത്തിന് സർക്കാർ മുതിരണം. ഗുരുവായൂരോ കൂടൽമാണിക്യമോ ഇതിന് പരീക്ഷണശാലയാക്കാം. ശബരിമലയുടെ നന്മക്കായി അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ സന്മനസ്സ് കാണിച്ച സർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണം.
ഭക്തർക്ക് ശാന്തിയും സമാധാനവും നൽകേണ്ടതാണ് ആരാധനാലയങ്ങൾ. ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ലഭിക്കുന്നില്ല. പകരം വേദനിപ്പിക്കുന്ന കാര്യങ്ങളാണ് കേൾക്കേണ്ടിവരുന്നത്. സഹസ്രകോടികളുടെ ആയിരക്കണക്കണിന് ഏക്കർ ദേവസ്വം ഭൂമി അന്യമതക്കാരുടെ ഉൾപ്പെടെ അന്യായമായ കൈവശത്തിലാണ്. ഗുരുവായൂർ അമ്പലത്തിനു ലഭിച്ച ഭൂസ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ഒരു വിവരവും അവിടെയില്ല. സത്യസന്ധർക്ക് ദേവസ്വം ബോർഡുകളിൽ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ദേവസ്വം ബോർഡുകൾ നിയമപരമായ കടമകൾ നിർവഹിക്കാത്ത സാഹചര്യത്തിൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറാനായി കേരളത്തിൽ ക്ഷേത്രവിമോചന പ്രക്ഷോഭം സംഭവിക്കാമെന്നാണ് ആർ.എസ്.എസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.