പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്: സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി തള്ളി

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈകോടതി ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി തള്ളി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 

റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്നും കണ്ടുകെട്ടിയ തുക പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു. നഷ്ടത്തിന്റെ അന്തിമ കണക്ക് കെ.എസ്.ആര്‍.ടി.സിയും സർക്കാരും തിട്ടപ്പെടുത്തിയിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധന ഹരജി അംഗീകരിക്കാൻ കഴിയില്ലെന്നും ആ സമയത്ത് ജയിലിലായിരുന്ന പ്രതികള്‍ക്ക് സൂപ്രണ്ട് വഴി റിക്കവറി നോട്ടീസ് കൃത്യമായി നൽകിയിരുന്നെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 22നുണ്ടായ നടപടികളിൽ പ്രതിഷേധിച്ച് 23നാണ് കേരളത്തിൽ ഹർത്താൽ നടത്തിയത്.

Tags:    
News Summary - Destruction of public property during Popular Front hartal case: Revision petition against confiscation order dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.