പരാതിപ്പെടുന്ന വനിത ജീവനക്കാർക്കെതിരെ നടപടിക്ക് ടൂറിസം വകുപ്പ്

തിരുവനന്തപുരം: ഓഫിസിനുള്ളിൽ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ടൂറിസം വകുപ്പിലെ വനിതജീവനക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കാനും തുടർനടപടി കൈക്കാള്ളാനും വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജയാണ് ജൂൺ 17ന് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീസുരക്ഷക്ക് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാറിന് കീഴിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ ഈ നടപടി.

ടൂറിസം വകുപ്പിന് കീഴിലെ വിവിധ ഓഫിസുകളിലെയും െഗസ്റ്റ് ഹൗസുകളിലെയും വനിതജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ നൽകുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷണഘട്ടത്തിൽ പിൻവലിക്കുകയും പരാതികളിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നതായി കാണുന്നുവെന്ന് ഉത്തരവിൽ പറയുന്നു.

'ഇതിന്‍റെ ഫലമായി ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന അന്വേഷണത്തിന്‍റെയും നടപടിക്രമങ്ങളുടെയും ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവും പ്രയത്നവും പാഴായിപ്പോകുന്നുവെന്ന വസ്തുത ശ്രദ്ധയിൽപെട്ടിരിക്കുന്നു.

മാത്രമല്ല, ചില ജീവനക്കാർ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണത്തിനായി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുന്ന രീതിയിലും വകുപ്പിന്‍റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിലും പരാതികൾ സമർപ്പിക്കുന്നത് കണ്ടുവരുന്നുവെന്നും ഡയറക്ടർ ഉത്തരവിൽ ആരോപിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മേലിൽ ഇപ്രകാരം പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശാദാംശം പ്രത്യേകം ശേഖരിക്കാനും ഉചിതമായ തുടർ നടപടി സ്വീകരിക്കാനും ഉത്തരവ് നിർദേശിക്കുന്നു. വിഷയത്തിൽ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടർ നിഷ്കർഷിക്കുന്നു.

എന്നാൽ ഒരു ജീവനക്കാരിക്ക് സർക്കാർ സ്ഥാപനത്തിൽ തനിക്ക് എതിരെ അതിക്രമം കാട്ടിയ സഹപ്രവർത്തകനോ മേലധികാരിക്കോ എതിരെ പരാതി നൽകണമെങ്കിൽ നേരിടേണ്ടിവരുന്നത് അഗ്നിപരീക്ഷയാണ്.

സഹപ്രവർത്തകരുടെയും സംഘടനകളുടെയും അനുനയം, ഭീഷണി എന്നിവക്ക് പുറമേ കുടുംബത്തിനുള്ളിൽ നിന്നുള്ള സമ്മർദവും സ്ത്രീകൾ നേരിടേണ്ടി വരുന്നു. കടുത്ത സമ്മർദവും ഭീഷണിയും സാമൂഹികമായി ഒറ്റപ്പെടുന്ന സാഹചര്യത്തിന്‍റെയും ഫലമായാണ് ഭൂരിഭാഗം വനിതജീവനക്കാരും പരാതികൾ പിൻവലിക്കുന്നതും തെളിവുകൾ നൽകുന്നതിൽനിന്ന് പിന്മാറുന്നതെന്നും വനിതജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Department of Tourism to take action against women workers who lodge complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.