വി.ഡിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം: പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വയനാട്ടിൽനിന്ന് ഇമെയിൽ പ്രവാഹം

കൽപ്പറ്റ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് പ്രവർത്തകരുടെ ഇമെയിൽ പ്രവാഹം. യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച 'പോരാളിയെ' തന്നെ ഭരണത്തിനുള്ള കർത്തവ്യം ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരാണ് സംഘടിത കാമ്പയിന് തുടക്കമിട്ടത്. പ്രിയങ്ക ഗാന്ധിക്ക് പുറമെ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ ഔദ്യോഗിക മെയിലുകളിലേക്കും സമാനമായ ആവശ്യവുമായി സന്ദേശങ്ങൾ അയക്കുന്നുണ്ട്.

അതിനിടെ വി.ഡി. സതീശനെ അനുകൂലിച്ച് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളും പോസ്റ്റർ പ്രചാരണങ്ങളുമാണ് നടക്കുന്നത്. ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും സതീശൻ അനുകൂലികൾ പ്രകടനം നടത്തി. "പട നയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ" എന്ന മുദ്രാവാക്യമുയർത്തി കൽപ്പറ്റ, മേപ്പാടി, വൈത്തിരി എന്നിവിടങ്ങളിൽ വലിയ ഹോർഡിങ്ങുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. കൈനാട്ടിയിലും കാട്ടിക്കുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ റാലികൾ സംഘടിപ്പിച്ചു.

വയനാട്ടിലെന്നല്ല, കേരളത്തിലുടനീളം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അണികൾക്കിടയിൽ വാഗ്വാദങ്ങൾ നടക്കുന്നുണ്ട്.

മുഖ്യമന്ത്രി പദവി സംബന്ധിച്ച ആഭ്യന്തര കാര്യങ്ങളിൽ മുസ്‌ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനക്കെതിരെ ലീഗ് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലും ഇരിട്ടിയിലും കുഴൽനാടനെതിരെ പരിഹാസരൂപേണയുള്ള ഫ്ലെക്സ് ബോർഡുകൾ യൂത്ത് ലീഗ് സ്ഥാപിച്ചു. "കുഴൽനാടാ, ലീഗിനെതിരെ നിന്റെ കുഴലൂത്ത് വേണ്ട" എന്ന വാചകങ്ങളാണ് ബോർഡുകളിലുള്ളത്.

ലീഗ് കോൺഗ്രസിന്റെ 'അടുക്കള കാര്യങ്ങളിൽ' ഇടപെടുകയല്ല, മറിച്ച് നാടിനെ നയിക്കേണ്ടവരെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയുകയാണെന്ന് ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഇ.എ.എം. അമീൻ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. കുഴൽനാടന്റെ പരാമർശം യു.ഡി.എഫിന്റെ ഐക്യത്തെ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർക്ക് പരാതി നൽകി. എന്നാൽ, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന നിലപാടിലാണ് മാത്യു കുഴൽനാടൻ.

കേരളത്തിന് പുറത്തും സതീശൻ അനുകൂല തരംഗം ദൃശ്യമാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ എം.എസ്.എഫ്, മുസ്‌ലിം ലീഗ് പ്രവർത്തകർ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. അതേസമയം, അവിടെയെത്തിയ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, ഡൽഹിയിൽ ഇന്ന് മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ ഫലമുണ്ടായില്ല. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം നേതാക്കളെ ഒറ്റക്കൊറ്റക്കിരുത്തി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തെ സംബന്ധിച്ച തീരുമനം ഇന്നുണ്ടാകില്ലെന്നും ഹൈകമാൻഡ് അറിയിച്ചു.

Tags:    
News Summary - Demand to make VD the Chief Minister: Emails flood to Priyanka Gandhi and Rahul Gandhi from Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.