തിരുവനന്തപുരം: മൂവാറ്റുപുഴ ജില്ല സജീവ പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജനസംഖ്യാനുപാതികമായി പുതിയ ജില്ലകൾ വേണമെന്ന പുനർവിഭജന ചർച്ചകൾ നാല് പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് വീണ്ടും സജീവമായി. മൂവാറ്റുപുഴ, തിരൂർ, ഷൊർണൂർ, നെയ്യാറ്റിൻകര, വടകര എന്നീ ജില്ല രൂപവത്കരണ ആവശ്യങ്ങളാണ് കാലങ്ങളായുള്ളത്.
ഇന്ത്യയിൽ 15 വർഷത്തിനുള്ളിൽ ഭരണസൗകര്യത്തിനായി എഴുപതിലധികം പുതിയ ജില്ലകളാണ് രൂപവത്രിക്കപ്പെട്ടത്. എന്നാൽ, ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ 40 വർഷമായി ജില്ലകളുടെ ഭരണ അതിർത്തികളിൽ മാറ്റങ്ങളുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ ഒരു ജില്ല രൂപീകൃതമായത് 1984ലാണ്. 1984 മേയ് 24 ന് കണ്ണൂർ ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ അടർത്തിമാറ്റി രൂപവത്കരിച്ച കാസർകോട് ആയിരുന്നു അത്. മറ്റു പ്രധാന സംസ്ഥാനങ്ങളിലെ ജനസംഖ്യയും ജില്ലകളുടെ എണ്ണവും തമ്മിലുള്ള അനുപാതം പരിശോധിച്ചാൽ കേരളത്തിലെ ഓരോ ജില്ലയുടെയും ശരാശരി ജനസംഖ്യാ ഭാരം എത്രമാത്രം കൂടുതലാണെന്ന് വ്യക്തമാകും.
ജില്ല പ്രഖ്യാപനം എളുപ്പമാണെങ്കിലും പ്രായോഗിക തലത്തിൽ നിരവധി കടമ്പകളുണ്ട്. കേവലം അതിർത്തികൾ മാറ്റി വരയ്ക്കുന്നതിനപ്പുറം, ജില്ല ഭരണസംവിധാനത്തിന്റെ സമ്പൂർണമായ പകർപ്പുകൾ പുതിയ ഭൂപ്രദേശത്ത് സൃഷ്ടിക്കണം. സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ജില്ലാതല കാര്യാലയങ്ങൾ പുതിയ ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന ഭാരിച്ച സാമ്പത്തികച്ചെലവുമുണ്ട്.
ഇന്ത്യയിലെ ഒരു ശരാശരി ജില്ലയുടെ ജനസംഖ്യ ഏകദേശം 23 ലക്ഷം മുതൽ 27 ലക്ഷം വരെയും, ശരാശരി വിസ്തീർണം 4,200 ചതുരശ്ര കിലോമീറ്ററുമാണ്. കേരളത്തിൽ, പ്രത്യേകിച്ച് മലപ്പുറം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ജനസംഖ്യ 35 ലക്ഷത്തിനും 47 ലക്ഷത്തിനും മുകളിലാണ്. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും അതിർത്തി നിർണയത്തിനും ഭരണഘടനപ്രകാരം കൃത്യമായ വ്യവസ്ഥകളും പാർലമെന്റിന്റെ ഇടപെടലും അനിവാര്യമാണ്.
എന്നാൽ, നിലവിലുള്ള ഒരു സംസ്ഥാനത്തിനുള്ളിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനോ, അതിർത്തികൾ പുനർനിർണയിക്കുന്നതിനോ, പഴയവ ഇല്ലാതാക്കുന്നതിനോ കേന്ദ്ര സർക്കാറിന്റെയോ പാർലമെന്റിന്റെയോ ഇടപെടൽ ആവശ്യമില്ല. ജില്ലാ രൂപവത്കരണം പൂർണമായും സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. പുതിയ ജില്ലകൾ രൂപവത്കരിക്കുന്നതിന് സംസ്ഥാന സർക്കാറുകൾക്ക് പ്രധാനമായും രണ്ട് മാർഗങ്ങളാണുള്ളത്.
മന്ത്രിസഭയുടെ തീരുമാനപ്രകാരം എക്സിക്യൂട്ടീവ് ഓർഡർ വഴി സർക്കാരിന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് പുതിയ ജില്ല രൂപവത്കരിക്കാം. നിയമസഭയിൽ പ്രത്യേക ബിൽ അവതരിപ്പിച്ച് പാസാക്കുന്നതിലൂടെയും പുതിയ ജില്ലകൾക്ക് രൂപം നൽകാനാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുന്നു. ഓണം കഴിഞ്ഞയുടൻ കമ്മിറ്റി രൂപവത്കരണ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. ഏതൊക്കെ ജില്ലകൾ രൂപവത്കരിക്കണം എന്നത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സെൻസസ് നടപടികൾ 2027 വരെ നീളുന്നതിനാൽ കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിർത്തി മാറ്റത്തിൽ നിയന്ത്രണമുണ്ട്. എന്നാൽ കമ്മിറ്റിയെ വെക്കുന്നതിന് തടസ്സമില്ല -മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.