ന്യൂഡൽഹി: മലബാറിലെ സ്വകാര്യ ഭൂമികളിലെ ഖനനം ചെയ്യുന്ന മുഴുവൻ ധാതുസമ്പത്തിന്റെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാക്കാൻ പഴുതടച്ച നിയമ നിർമാണം നടത്താൻ ചീഫ് ജസ്റ്റിസ് എ. സുര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. മലബാർ മേഖലയിലെ ക്വാറികളിൽനിന്ന് റോയൽറ്റി പിരിക്കുന്നതിന് 2021ൽ ഇടതുപക്ഷ സർക്കാർ പാസാക്കുകയും കേരള ഹൈകോടതി റദ്ദാക്കുകയും ചെയ്ത ‘കേരള ധാതു അവകാശ നിയമ’ത്തിന്റെ ഭരണഘടനാ സാധുതയിൽ സംശയം പ്രകടിപ്പിച്ചാണ് ഇത്തരമൊരു നിയമോപദേശം നൽകിയത്.
താൽക്കാലിക ആശ്വാസമെന്ന നിലക്ക് 2001ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മലബാറിലെ ക്വാറി ഉടമകളിൽനിന്ന് പിരിച്ച റോയൽറ്റി തുകയായ 1200 കോടി രൂപ തിരികെ നൽകണമെന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അതേസമയം, നിയമം റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നില്ലെന്നും പ്രകൃതി വിഭവങ്ങൾ എന്ന നിലക്ക് ഭൂമിക്കടിയിലുള്ള ധാതുസമ്പത്ത് മാത്രമാണ് സർക്കാറിലേക്ക് നിക്ഷിപ്തമാക്കുന്നതെന്നും കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വി. ഗിരി, അഡീഷനൽ അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷാ, സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുൽഫിക്കർ അലി എന്നിവർ വാദിച്ചു. പ്രകൃതി വിഭവങ്ങളുടെ നീതിപൂർവകമായ വിതരണം ഉറപ്പുവരുത്തുകയെന്നത് ഭരണഘടന മാർഗനിർദേശക തത്ത്വമാണെന്ന വാദവും അവർ മുന്നോട്ടുവെച്ചു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ധാതുസമ്പത്തിന്റെ റോയൽറ്റി പിരിക്കാൻ നിയമമുണ്ടെങ്കിലും മലബാറിൽനിന്ന് റോയൽറ്റി പിരിക്കാൻ നിയമമില്ലാതിരുന്നതിനാലാണ് നിയമമുണ്ടാക്കിയതെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
എന്നാൽ, പ്രകൃതി വിഭവങ്ങളുടെ നീതിപൂർവകമായ വിതരണം ഉറപ്പുവരുത്തുകയെന്ന മാർഗനിർദേശ തത്ത്വം നടപ്പാക്കാനാണ് കേരള സർക്കാർ നിയമ നിർമാണം നടത്തിയതെങ്കിൽ അത് ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി പറഞ്ഞു. അല്ലെങ്കിൽ ഭൂവുടമക്ക് നഷ്ടപരിഹാരം കൊടുത്താണ് ധാതുസമ്പത്തിന്റെ ഉടമാവകാശം ഏറ്റെടുക്കേണ്ടിയിരുന്നത്. അതിനാൽ, ഹൈകോടതി വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.
കേസ് തീർപ്പാക്കുന്നതുവരെ കേരള സർക്കാർ പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവെക്കാൻ നിർദേശം നൽകണമെന്ന് ക്വാറി ഉടമകൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായ അരവിന്ദ് ദത്താറും എം.കെ.എസ്. മേനോനും ഉഷ നന്ദിനിയും ആവശ്യപ്പെട്ടു. എന്നാൽ, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അതംഗീകരിച്ചില്ല. കടമെടുപ്പുപരിധി ഉയർത്താൻ കേരളം സുപ്രീംകോടതിയെ സമീപിച്ച കാര്യം അഭിഭാഷകരെ ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് അത്രയും തുക കെട്ടിവെക്കാൻ കേരളത്തിന്റെ പക്കൽ പണമുണ്ടാകുമോ എന്നും ചോദിച്ചു.
2021ൽ ഇടതുമുന്നണി സർക്കാർ പാസാക്കിയ ‘കേരള ധാതു അവകാശ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ഹൈകോടതി നിയമ നിർമാണം അസാധുവാക്കിയത്. 2021 മുതൽ സർക്കാർ പിരിച്ചെടുത്ത റോയൽറ്റി തിരികെ നൽകാനും ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തിരു കൊച്ചിയിൽ ധാതുക്കൾ പൊതുസ്വത്താക്കി മാറ്റിയുള്ള രാജവിളംബരമുണ്ടായിരുന്നുവെങ്കിലും മലബാറിൽ ഇല്ലായിരുന്നു. ആ കുറവ് പരിഹരിക്കാനാണ് കേരള സർക്കാർ 2021-ൽ മലബാറിന് മാത്രമായി നിയമ നിർമാണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.