പ്രയാഗ്രാജിലെ മഹാകുംഭമേളക്ക് പോകാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക്
ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന് കാരണം റെയിൽവേയുടെ കെടുകാര്യസ്തതയും അനാസ്ഥയും. റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് അനിയന്ത്രിതമായി ടിക്കറ്റ് നൽകുകയും സുരക്ഷാസേനയെ വിന്യസിക്കുന്നതിലെ അപര്യാപ്തയും ചൂണ്ടിക്കാട്ടിയാണ് റെയിൽവേക്കെതിരെ വിമർശനം ഉയരുന്നത്. കുംഭമേളക്കായി പോകാനെത്തിയ ആൾക്കൂട്ടംകൊണ്ട് ശനിയാഴ്ച വൈകുന്നേരംമുതൽ ന്യൂഡൽഹി സ്റ്റേഷനും പരിസരവും കാലുകുത്താൻ കഴിയാത്തവിധം നിറഞ്ഞിട്ടും ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് സ്റ്റേഷനിലെ പോർട്ടർമാരും ഓട്ടോ ഡ്രൈവർമാരും പറയുന്നു. ശനിയാഴ്ച രാത്രി അപകടം ഉണ്ടാകുന്നതിന് മുമ്പ് പ്രയാഗ് രാജിലേക്ക് മാത്രം ഒരു മണിക്കൂറിൽ 1,500 ജനറൽ ടിക്കറ്റുകളാണ് വിറ്റത്. പ്ലാറ്റ്ഫോമുകളിലേക്കുള്ള നടപ്പാതയിൽ യാത്രികർ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ വൈകീട്ടുമുതൽ കാണാമായിരുന്നു.
അപകടം നടന്നയുടൻ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളായിരുന്നു റെയിൽവേ പുറത്തിറക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും ഏറെ വൈകിയെന്ന വിമർശനം ഉയർന്നു. മരണനിരക്ക് രണ്ടക്കസംഖ്യ കടന്നിട്ടും മരണം ഉണ്ടായില്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കത്തിൽ ശ്രമിച്ചത്. പ്രധാനമന്ത്രിയും ഡൽഹി ലഫ്റ്റനന്റ് ഗവർണറും മരിച്ചവർക്ക് ആദാരാഞ്ജലി അർപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് ഇട്ടതിന് പിന്നാലെയാണ് മന്ത്രി മരണം സ്ഥിരീകരിക്കാൻ തയറായതെന്നും വിമർശനം ഉയർന്നു. അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും റെയിൽവേ മന്ത്രി വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്ന് റെയിൽവേ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു.
റെയിൽവേയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനന്റ് ഗവർണർ തന്നെയായിരുന്നു ആദ്യം രംഗത്തുവന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് അദ്ദേഹം പിന്നീട് മാറ്റി. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ന്യൂഡൽഹി സ്റ്റേഷനിലുണ്ടായത് കൂട്ടക്കൊലയാണെന്നും ഒരു മിനിറ്റുപോലും മന്ത്രിസ്ഥാനത്ത് തുടരാൻ അശ്വിനി വൈഷ്ണവിന് യോഗ്യതയില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാറ്റെ പറഞ്ഞു.
രാജ്യത്ത് രണ്ടുതരം ഇന്ത്യക്കാർ ഉണ്ടെന്നും ഒരുവശത്ത് രാജാവ് തന്റെ സുഹൃത്തുക്കളെ കുംഭമേളയിൽ കുളിപ്പിക്കാൻ സഹായിക്കുന്നതും മറുവശത്ത് സാധാരണക്കാർ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചുവീഴുന്നതുമാണെന്ന് സുപ്രിയ വ്യക്തമാക്കി. മന്ത്രി രാജിവെക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാഖേത് ഗോഖലെ ആവശ്യപ്പെട്ടു. റെയിൽവേയും റെയിൽവേ മന്ത്രിയും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മഹാ കുംഭമേളയിലേക്കുള്ള തീർഥാടകരുൾപ്പെടെ പതിനെട്ടോളം പേർ മരിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മഹാകുംഭമേളയിൽ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടമാകുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇത്തരം ദുരന്തങ്ങൾ രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. മുൻ കാല അപകടങ്ങളിലൂടെ:
1. ഫെബ്രുവരി 16, 2025 -ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മഹാ കുംഭമേളയിലേക്കുള്ള തീർഥാടകർ ഉൾപ്പെടെ 18 മരണം.
2. ജനുവരി 29, 2025 - മഹാകുംഭമേള, പ്രയാഗ്രാജ്: മഹാകുംഭമേളയിൽ മൗനി അമാവാസി ദിവസം പുലർച്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരണപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
3. ജൂലൈ രണ്ട്, 2024 - ഹത്രാസ്, ഉത്തർപ്രദേശ്: സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനയോഗത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ചു
4. മാർച്ച് 31, 2023 - ഇന്ദോർ, മധ്യപ്രദേശ്: രാമനവമി നാളിൽ ഒരു ക്ഷേത്രത്തിലെ 'ഹവൻ' ചടങ്ങിനിടെ സ്ലാബ് തകർന്ന് 36 പേർ മരിച്ചു.
5. ജനുവരി ഒന്ന്, 2022 - മാതാ വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു-കശ്മീർ: ഭക്തരുടെ കനത്തതിരക്കിൽ 12 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
6. സെപ്റ്റംബർ 29, 2017 - എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷൻ, മുംബൈ: രണ്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഇടുങ്ങിയ പാലത്തിൽ തിക്കിലും തിരക്കിലും 23 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
7. ജൂലൈ 14, 2015 - രാജമുണ്ട്രി, ആന്ധ്രപ്രദേശ്: ഗോദാവരി നദിയുടെ തീരത്ത് പുഷ്കരം ഉത്സവത്തിനിടെയുണ്ടായ തിരക്കിൽ 27 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
8. ഒക്ടോബർ മൂന്ന്, 2014 - ഗാന്ധി മൈതാനം, പട്ന: ദസറ ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ 32 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
9. ഒക്ടോബർ 13, 2013 - മധ്യപ്രദേശിലെ രത്തൻഗഢ് ക്ഷേത്രം: പാലം തകരുമെന്ന അഭ്യൂഹത്തെ തുടർന്ന് 115 പേർ മരണപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
10. നവംബർ 19, 2012 - അദാലത് ഘട്ട്, പട്ന: ഛഠ് പൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഓളം പേർ മരിച്ചു.
11. നവംബർ എട്ട്, 2011 - ഹർ-കി-പൗരി ഘട്ട്, ഹരിദ്വാർ: ഗംഗാനദിയിൽ മതപരമായ സമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചു.
12. ആഗസ്റ്റ് മൂന്ന്, 2008 - നൈനാ ദേവി ക്ഷേത്രം, ബിലാസ്പൂർ, ഹിമാചൽ പ്രദേശ്: പാറയിടിഞ്ഞു എന്ന കിംവദന്തിയെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 162 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
13. സെപ്റ്റംബർ 30, 2008 - ചാമുണ്ഡി ദേവി ക്ഷേത്രം, ജോധ്പൂർ, രാജസ്ഥാൻ: ബോംബ് ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 250ഓളം പേർ മരണപ്പെടുകയും 60ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
14. ജനുവരി 25, 2005 - മന്ധർദേവി ക്ഷേത്രം, സതാര, മഹാരാഷ്ട്ര: വാർഷിക തീർഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 340ൽ അധികം ഭക്തർ മരണപ്പെട്ടു.
15. ആഗസ്റ്റ് 27, 2003 - കുംഭമേള, നാസിക്, മഹാരാഷ്ട്ര: കുംഭമേളയിലെ പുണ്യസ്നാനത്തിനിടെ 39 പേർ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.