കൊച്ചി: എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽനിന്ന് തുടർച്ചയായ ആറാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്, ആകാംക്ഷയുടെയും ആശങ്കയുടെയും നാളുകൾക്കൊടുവിൽ മുഖ്യമന്ത്രി പദത്തിലെത്തിയ വി.ഡി. സതീശന് തന്റെ കന്നിയങ്കത്തിൽ രുചിക്കേണ്ടിവന്നത് തോൽവിയുടെ കയ്പുനീർ. മൂന്നു പതിറ്റാണ്ടു മുമ്പ് 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ നേതാവ് പരേതനായ പി. രാജുവിനെതിരെ മത്സരിച്ചാണ് സതീശൻ പരാജയപ്പെട്ടത്.
അന്ന് ഇടതുകോട്ടയായിരുന്ന പറവൂരിൽ നെട്ടൂരിൽ നിന്നുള്ള സതീശനെത്തുമ്പോൾ പരാജയത്തിൽ കുറഞ്ഞതൊന്നും അദ്ദേഹവും പ്രതീക്ഷിച്ചുകാണില്ല. അക്കാലത്ത് ഐക്യമുന്നണിക്ക് വോട്ടു ചോദിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ഇടത് ആധിപത്യമായിരുന്നു പറവൂരിലെ പല പ്രദേശങ്ങളിലും. തന്നെ കണ്ടാൽ മുഖം തിരിക്കുന്നവരായിരുന്നു അന്നത്തെ നാട്ടുകാരെന്നും പിന്നീട് തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയാണ് പറവൂരുകാരുടെ ഹൃദയത്തിലേക്ക് ചേക്കേറിയതെന്നും ഈ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.
ആദ്യ പരാജയത്തിൽ പതറാനും തളരാനും തകരാനും തയാറായിരുന്നില്ല വി.ഡി. സതീശൻ. തന്നെ തോൽപ്പിച്ച അതേ മണ്ഡലത്തിൽ തുടർന്ന് പ്രവർത്തിച്ച അദ്ദേഹം 2001ൽ പി. രാജുവിനെതന്നെ പരാജയപ്പെടുത്തി 11-ാം നിയമസഭയിലെത്തി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2001, 2006, 2011, 2016, 2021 എന്നിങ്ങനെ കഴിഞ്ഞ അഞ്ചുതവണയും പറവൂരുകാർക്ക് എം.എൽ.എയായി സതീശനെ മതിയെന്നായി. സി.പി.ഐയുടെ സമുന്നത നേതാവ് പന്ന്യൻ രവീന്ദ്രനെ പോലും ഇക്കാലത്തിനിടെ അദ്ദേഹം പരാജയപ്പെടുത്തി. സ്ഥിരമായി സി.പി.ഐ മത്സരിക്കുന്ന മണ്ഡലത്തിൽ 2021ൽ എം.ടി. നിക്സൺ, 2016ൽ ശാരദ മോഹൻ, 2011ൽ പന്ന്യൻ രവീന്ദ്രൻ, 2006ൽ കെ.എം. ദിനകരൻ എന്നിവരാണ് സതീശനെതിരെ മത്സരിച്ച് തോറ്റത്.
2021ൽ അദ്ദേഹത്തെ തേടി പ്രതിപക്ഷ നേതാവെന്ന പദവിയുമെത്തി. ഏറ്റവുമൊടുവിൽ 2026ലെ തെരഞ്ഞെടുപ്പിലും മുൻനിരയിൽനിന്ന് യു.ഡി.എഫിനെ നയിച്ച സതീശൻ പറവൂരിലെ വീണ്ടും ജനപ്രതിനിധിയായി. കയ്പമംഗലം എം.എൽ.എയായിരുന്ന ഇ.ടി. ടൈസണെയാണ് 20,600 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്. മുൻ തവണത്തേതിൽനിന്ന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും വി.ഡിയുടെ വിജയശോഭക്ക് മങ്ങലേറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.