മുഹമ്മദ് ബാവ

കടംകയറി സ്വപ്ന ഭവനം വിൽക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഒരു കോടിയുടെ ലോട്ടറി അടിച്ചു

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ആ സ്വപ്ന ഭവനം പണിത് കടം കയറിയാൽ എന്ത് ചെയ്യും. ആ വീടുവിറ്റ് കടം വീട്ടാനെ മാർഗമുള്ളൂ. വിൽപനക്ക് വാക്കാൽ കരാറായ വീട്ടുടമ ടോക്കൺ പണം വാങ്ങാൻ രണ്ട് മണിക്കൂർ ഉള്ളപ്പോൾ ഒരു കോടി രൂപ ലോട്ടറി അടിച്ചാലുള്ള സന്തോഷം എങ്ങനെയാവും.

കാസർകോട് മഞ്ചേശ്വരത്താണ് ഒരു കുടുംബത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. മഞ്ചേശ്വരം പാവൂർ സ്വദേശി മുഹമ്മദ് ബാവ (50) യും ഭാര്യ ആമിനയും എട്ട് മാസം മുമ്പാണ് 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. വീട് നിർമാണത്തിന് ചെലവ് 45 ലക്ഷം രൂപയായി. ഇതിൽ 10 ലക്ഷം ആമിന ബാങ്ക് വായ്‌പ എടുത്തതും 20 ലക്ഷം ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയതുമായിരുന്നു. കെട്ടിട നിർമാണത്തിന് പിന്നാലെ രണ്ടാമത്തെ മകളുടെ വിവാഹം നടത്തിയോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി.

വരുമാനം കുറവായതിനാൽ ബാങ്ക് വായ്പ തിരിച്ചടവിനോ കടം വീട്ടാനോ മുഹമ്മദ് ബാവക്ക് കഴിയാതെ വന്നു. ഇതോടെ കഴിഞ്ഞ നാലുമാസമായി കുടുംബം വലിയ സമ്മർദ്ദത്തിലായിരുന്നു. ഇതോടെയാണ് സ്വപ്ന ഭവനം വിൽക്കാൻ ബാവ തീരുമാനിച്ചത്. ഇതിനായി ബ്രോക്കാർ വഴി ഇടപാടുകാരെ അന്വേഷിക്കാൻ തുടങ്ങി. ബ്രോക്കർ കൊണ്ടു വന്ന ഇടപാടുകാരനോട് നിർമാണ ചെലവായ 45 ലക്ഷം രൂപ നൽകിയ വീട് കൈമാറാമെന്ന് ബാവ അറിയിച്ചു. എന്നാൽ,

വാങ്ങാൻ വന്നയാൾ 40 ലക്ഷമാണ് വീടിന് വില നിശ്ചയിച്ചത്. അവസാനം, ഇടപാടുകാരൻ പറഞ്ഞ തുകക്ക് വീട് കൈമാറാൻ ധാരണയായി കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ടോക്കൺ പണം കൈമാറാൻ തീരുമാനിച്ചു.

ഞായറാഴ്ച ഉച്ചക്ക് ബാവ പുറത്തു പോവുകയും കേരള സർക്കാറിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നാലു ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ബാവ ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു. മൂന്നു മണിക്ക് നറുക്കെടുപ്പ് ഫലം വന്നപ്പോൾ ബാവക്ക് ഒരു കോടി സമ്മാനം അടിച്ചതായി സ്ഥിരീകരിച്ചു. സമ്മാനത്തുകയിൽ നിന്ന് നികുതി കിഴിച്ചാൽ ഏകദേശം 63 ലക്ഷം ബാവക്ക് ലഭിക്കും.

ബാവയുടെ മകൻ നിസാമുദ്ദീൻ മൂന്നാഴ്ച മുമ്പാണ് ഖത്തറിലെ ഒരു ഇലക്ട്രിക് ഷോപ്പിൽ സെയിൽസ്മാനായി ജോലിക്ക് കയറിയത്. ഇളയ രണ്ട് പെൺമക്കൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളാണ്. 

Tags:    
News Summary - Debt-Ridden Kerala Man Wins Rs 1 Crore Lottery Hours Before Selling His Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.