പൂക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തിനു മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് സമരം ഉദ്ഘാടനം ചെയ്തു. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പൂക്കോട് വെറ്ററിനറി കോളജില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.യു റിലേ സത്യഗ്രഹം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്യുന്നു
എത്രയും വേഗം പ്രതികളെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. വൈത്തിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ്, ജ്യോതിഷ് കുമാര്‍, രാമചന്ദ്രന് വൈത്തിരി, അതുൽ തോമസ്, ശ്രീലാല്‍ എസ്, ഷമീര്‍ വൈത്തിരി എന്നിവര്‍ സംസാരിച്ചു.
എ.ബി.വി.പി നിരാഹാര സമരം കേന്ദ്ര പ്രവര്‍ത്തക സമിതിയംഗം എൻ.സി.ടി. ശ്രീഹരി ഉദ്ഘാടനം ചെയ്യുന്നു
പൂക്കോട്: വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, എസ്.എഫ്.ഐയും സര്‍വകലാശാലയും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി സംസ്ഥാന ജോയന്റ് സെക്രട്ടറി അമല്‍ മനോജ്, ജില്ല സെക്രട്ടറി യദുകൃഷ്ണന് എന്നിവര്‍ പൂക്കോട് കോളജിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. കേന്ദ്ര പ്രവര്‍ത്തക സമിതിയംഗം എൻ.സി.ടി. ശ്രീഹരി ഉദ്ഘാടനം ചെയ്തു. യദുകൃഷ്ണന്, അഭിനവ്, അനഘ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പൂക്കോട്: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ പ്രതിഷേധിച്ച് എം.എസ്.എഫ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
സിദ്ധാർഥന്റെ മരണത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ക്രൂരമായ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും വിദ്യാർഥി ഇരയായിട്ടും അതിനെതിരെ ഒരു നടപടിയും എടുക്കാതിരിക്കുകയും മരണശേഷവും വിവരങ്ങൾ മൂടിവെച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്ത കോളജ് പ്രിൻസിപ്പലും സ്റ്റുഡന്റ് ഡീനും ഉൾപ്പെടെയുള്ളവരെ പുറത്താക്കണം, പ്രതികൾ സി.പി.എം സംരക്ഷണത്തിലാണെന്നും ഇവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ജില്ല പ്രസിഡന്റ് പി.എം. റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, ട്രഷറർ അമീനുൽ മുക്താർ, ഫസൽ കാവുങ്ങൽ, അജു സിറാജുദ്ദീൻ, മുബഷിർ നെടുങ്കരണ, അംജദ് അലി എന്നിവർ നേതൃത്വം നൽകി. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൽപറ്റ: സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു. എസ്.എഫ്.ഐക്ക് മാത്രം സ്വാധീനമുള്ള കാമ്പസിൽ മറ്റ് സംഘടനകളെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. ഇടതു സഹയാത്രികരായ അധ്യാപകരുടെയും മറ്റും പിന്തുണയുള്ള വിദ്യാർഥി സംഘടന നേതാക്കളാണ് കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തതെന്നത് കൊണ്ടുതന്നെ കേരളത്തിലെ പൊലീസ് അന്വേഷിച്ചാൽ കുറ്റവാളികൾ രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും തുറക്കും. ബി.ജെ.പി ഈ വിഷയത്തിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും പ്രശാന്ത് മലവയൽ വ്യക്തമാക്കി.
വൈത്തിരി: ആൾക്കൂട്ട വിചാരണക്കിരയാക്കി കൊലപ്പെടുത്തിയ സിദ്ധാർഥന്റെ ഘാതകരെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ഭരണകൂടം നേരിടേണ്ടിവരുമെന്നും വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ കൂവക്കൽ പ്രസ്താവനയിൽ അറിയിച്ചു.കോളജ് അധികാരികളുടെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ അരങ്ങേറിയ നാടകമാണ് വിദ്യാർഥിയുടെ മരണം.
കൽപറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ യൂനിവേഴ്സിറ്റി ഡീൻ, ഹോസ്റ്റൽ വാർഡൻ എന്നിവരുൾപ്പെടെയുള്ള അധികൃതരുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് യൂത്ത് ലീഗ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കുറച്ച് കാലമായി സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം സി.പി.എമ്മിന്റെ ഒത്താശയോടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതര വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച് ഫാഷിസ്റ്റ് ശൈലിയിലുള്ള സംഘടന പ്രവർത്തനമാണ് എസ്.എഫ്.ഐ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യത്വരഹിതമായ ഇത്തരം സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എം.പി. നവാസ്, ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ എന്നിവർ പറഞ്ഞു.
കൽപറ്റ: കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബല്ല, ആൾക്കൂട്ട കൊലപാതകത്തിന്റെ പരിശീലന കേന്ദ്രമെന്ന നിലവാരത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന സോഷ്യൽ ഫാഷിസത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് ദിവസങ്ങളായി. പൊലീസ് അന്വേഷണത്തിൽ മനസ്സിലായത് സിദ്ധാർഥൻ ക്രൂരവും പ്രാകൃതവുമായ ആൾക്കൂട്ട വിചാരണക്ക് ഇരയായെന്നാണ്.
സിദ്ധാർഥന്റെ കുടുംബം നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തിന് ജില്ല കമ്മിറ്റി പിന്തുണ നൽകും. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. പ്രകാശ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, കെ. പ്രേംനാഥ്, സി.ജെ. ജോൺസൺ, എം.കെ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.