പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടിയുടെ മരണമെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഗോവിന്ദപുരം ഐ.ടി.ഐക്കു സമീപം പറമ്പത്തൊടി മീത്തൽ അനിൽകുമാറിന്റെ മകൾ അനഘ അനിൽകുമാറാണ് തിങ്കളാഴ്ച രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. എൻ.എസ്.എസ് ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയശേഷമാണ് കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയതെന്ന് ബന്ധു ശ്രീജിത്ത് പറഞ്ഞു. അവിടെനിന്ന് കഴിച്ച ഭക്ഷണത്തിലെ പ്രശ്നമാണോ വിഷബാധക്ക് കാരണമായതെന്നാണ് സംശയം. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. ക്യാമ്പ് കഴിഞ്ഞ് വന്നതുമുതൽ കുട്ടിക്ക് ഛർദിയായിരുന്നു. മെഡിക്കൽ കോളജ്, സഹകരണ ആശുപത്രി തുടങ്ങിയിടങ്ങളിൽ ചികിത്സ തേടി. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

മെഡിക്കൽ കോളജ് പൊലീസ് ബുധനാഴ്ച മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലെത്തി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും മൊഴിയെടുത്തു. അന്വേഷണം നടന്നുവരുകയാണെന്നും ഭക്ഷ്യവിഷബാധയാണ് സംഭവിച്ചതെന്ന് പറയാനായിട്ടില്ലെന്നും സി.ഐ ബെന്നിലാലു പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത മറ്റു വിദ്യാർഥികൾക്കൊന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ലെന്ന് പ്രിൻസിപ്പൽ ഗോകുൽദാസ് പറഞ്ഞു. പരിശോധനഫലങ്ങൾ പുറത്തുവന്നാലേ എന്താണ് സംഭവിച്ചതെന്ന് പറയാനാവൂ എന്നും പ്രിൻസിപ്പൽ അറിയിച്ചു. ഡി.എം.ഒ നിയോഗിച്ച സംഘവും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Death of Plus One student: Police has started investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.