ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണകാരണം തലക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സജിയുടെ തലയോട്ടയിൽ പൊട്ടലുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. അച്ഛന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മകള്‍ പൊലീസില്‍ നൽകിയ പരാതിയെ തുടർന്നാണ് കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്തിയത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജി ഒരു മാസത്തോളമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ചികിത്സയിലിരിക്കെ മരിച്ചതിനാൽ പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു.
മകള്‍ പരാതി നല്‍കിയതോടെ സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് സോണിക്കെതിരെ മറ്റു കുറ്റങ്ങൾ ചുമത്തും.
ചേർത്തല മുട്ടം സ്വദേശിയായ വി.സി സജിയെ ജനുവരി എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനകത്ത് കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു മകൾ ആശുപത്രിയിൽ പറഞ്ഞിരുന്നത്.
സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് അമ്മയെ അച്ഛൻ സോണി മർദ്ദിച്ചിരുന്ന കാര്യം മകൾ ബന്ധുക്കളോട് പറഞ്ഞത്. തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്. മദ്യപിച്ചു വന്ന് തന്നെയും അമ്മയെയും ക്രൂരമായി മർദിച്ചിരുന്നു. പലതവണ അച്ഛൻ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീണ്ടും കത്തിയുമായെത്തി അച്ഛൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.