കണ്ണൂര്‍: കായലോട് പറമ്പായിയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മുസ്ലിമായതിനാൽ സി.പി.എം ഇരകളുടെ പക്ഷത്തു നിൽക്കുന്നില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍. എസ്.ഡി.പി.ഐയെ മതവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം ദുഷ്ടലാക്കാണ്.
2047ല്‍ മതരാഷ്ട്രം സൃഷ്ടിക്കുമെന്ന വാദം സംഘപരിവാരത്തിന്റേതാണ്. യുവതിയുടെ മാതാപിതാക്കൾ സി.പി.എം ബ്രാഞ്ച് അംഗങ്ങളാണ്. അവർക്ക് നീതി വാങ്ങിക്കൊടുക്കാൻ സി.പി.എം ശ്രമിക്കുന്നതിനു പകരം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്.
നുണപ്രചാരണങ്ങള്‍ പൊളിഞ്ഞപ്പോള്‍ അവസാന അടവായി ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് മതരാഷ്ട്രവാദവും താലിബാനിസവും മേമ്പൊടി ചേര്‍ക്കുകയാണ്. മരിച്ച യുവതിയുടെ പിതാവും സഹോദരനും ബന്ധുക്കളും ആണ് സുഹൃത്തും ജനപ്രതിനിധികളും ചര്‍ച്ച ചെയ്യുന്നതിനെ രഹസ്യ കേന്ദ്രത്തിലെ ആള്‍ക്കൂട്ട വിചാരണയെന്നോണം പ്രചരിപ്പിക്കുകയാണെന്നും കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി.സി. ഷെഫീഖ്, ജില്ല കമ്മിറ്റിയംഗം റുബീന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.